ഗസ്സയിൽ ഇസ്രായേലിൻ്റെ ശക്തമായ തിരിച്ചടി; 198 ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 70 ഓളം പേർ – വീഡിയോ

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ. ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലുള്ള ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗസ്സയില്‍  ഇത് വരെ 200 ലധികം ഫലസ്ത്ഥീൻകാർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1600ൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

അതേസമയം, ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ  നൂറോളം പേർ കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹമാസ് ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ നാഷണൽ റെസ്ക്യൂ സർവീസ് അറിയിച്ചത്. ആയിരത്തോളം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.

 

ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ വ്യോമാക്രമണം.

 

 

 

അടുത്ത കാലത്ത് ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. ഇന്നു രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ഒട്ടേറെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു.  പലയിടങ്ങളിലും ഇസ്രയേൽ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.

ഇസ്രയേലിന്റെ ആക്രമണം കനത്തതോടെ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസന്‍ അതിര്‍ത്തികളില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേലിൻ്റെ വ്യോമാക്രമണം

ഓപ്പറേഷൻ അയൺ സ്വോർഡ്സ് എന്ന പേരിലായിരുന്നു ഇസ്രയേലിൻ്റെ തിരിച്ചടി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. വടക്കൻ ഗാസ മുനമ്പിലെ ഇന്തോനേഷ്യൻ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പലസ്തീൻ അപലപിച്ചു. സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായിരുന്നു. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് പലസ്തീനികൾ പലായനം ചെയ്തിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!