ഹമാസിൻ്റെ ആക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇസ്രയേൽ; മരണ സംഖ്യ ഉയരുന്നു, ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം – വീഡിയോ

പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേൽ-ഫലസ്തീൻ സംഘർഷം കൂടുതൽ ശക്തമാകുന്നു. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ഓപറേഷൻ അൽ-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി.

ഹമാസിൻ്റെ അക്രമത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേലും. ‘ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്’ എന്ന പേരിലാണ് രാജ്യം തിരിച്ചടിക്കുന്നത്. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം എക്‌സിൽ കുറിച്ചു.

തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ‘‘ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും’’ നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.

 

 

ഹമാസ് അക്രമണത്തിൽ 22 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റോയിട്ടേസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അതിനിടെ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പരിക്കേറ്റ 545 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ 300 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 40 പേർ അതീവ ഗുരുതര നിലയിലാണെന്നും നേരത്തെ റിപ്പോർട്ട് വന്നിരുന്നു. അതേസമയം, സിദ്‌റത്തിൽ ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ 10 ഇസ്രായേൽ പൗരമാർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ ഗസ്സ മുനമ്പിലെ 14 കേന്ദ്രങ്ങളിൽ സായുധ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. യുദ്ധം തുടരുമെന്ന് നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഗസ്സക്ക് നേരെ കരയുദ്ധവും പരിഗണയിലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം ജനങ്ങൾ സൈനിക നിർദേശം അനുസരിക്കണമെന്നും യുദ്ധത്തെ കുറിച്ച് ഒരു പ്രസ്താവനയും മന്തിമാർ നടത്തരുതെന്നും നെതന്യാഹു അറിയിച്ചിരുന്നു.

 

 

മൂന്ന് കൂടിയേറ്റ കോളനികളുടെ നിയന്ത്രണം ഹമാസിന്റെ പക്കലാണ്. 35 ഇസ്രയേലികൾ ഹമാസ് പിടിയിലാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, അൽ അഖ്‌സ പള്ളിയുടെ പവിത്രത സംരക്ഷിക്കാനാണ് പുതിയ പ്രതിരോധമെന്ന് ഹമാസ് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെയും ജെറുസലെമിലെയും ഫലസ്തീനികളോട് പ്രതിരോധിനിറങ്ങാൻ ഹമാസ് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി സർക്കാർ. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!