ഇസ്രായേലിലേക്ക് ഹമാസിൻ്റെ കനത്ത റോക്കറ്റ് ആക്രമണം; യുദ്ധസന്നദ്ധമെന്ന് ഇസ്രയേല്‍ – വീഡിയോ

ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ്. ഗസ്സയിൽ നിന്ന് നൂറിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടു. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു. ഇസ്രയേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണം. തിരിച്ചടി ഉറപ്പാണെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. അധിനിവേശ ശക്തിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും രംഗത്തിറങ്ങണമെന്ന് ഹമാസ് സൈനിക വിഭാഗം ആഹ്വാനം ചെയ്തു.  ശനിയാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിക്കൊണ്ട് ഓപ്പറേഷൻ അൽ-അഖ്സ ഫ്ളഡ് എന്നു പേരിട്ട ആക്രമണം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചത്.

 

 

 

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. അരമണിക്കൂറോളം നീണ്ടുനിന്നു. ടെൽ അവീവ് പ്രദേശം വരെ അപായ സൈറണുകൾ മുഴങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ജനങ്ങൾ അവരുടെ വീടുകളിലും അപ്പാർട്ട്മെന്റുകളിലുമുള്ള ബോംബ് ഷെൽട്ടറുകൾക്കുള്ളിൽ താമസിക്കാൻ ഇസ്രയേൽ ഭരണകൂടം നിർദേശം നൽകി.

 

 

 

 

ഗാസയിൽനിന്നു വ്യാപകമായി നുഴഞ്ഞുകയറ്റവും നടക്കുന്നതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ഹമാസ് പോരാളികൾ ഇസ്രയേലിന്റെ റോഡുകളിൽ റോന്തു ചുറ്റുന്ന വിഡിയോകൾ പുറത്തുവന്നു. ഇസ്രയേൽ സൈനികരെ തടവിലാക്കിയതായി ഹമാസ് അവകാശപ്പെട്ടു.

 

 

 

എല്ലാ പലസ്തീനികളും ഇസ്രയേലിനെ നേരിടാൻ ഒരുങ്ങണമെന്നും മുഹമ്മദ് ഡീഫ് ഇന്നു രാവിലെ പ്രസ്താവനയിൽ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിന്റെ ഒന്നിലധികം വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ശബ്ദസന്ദേശമായാണ് ഡീഫിന്റെ പ്രസ്താവന പുറത്തുവന്നത്.

അതിനിടെ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലി പ്രതിരോധ മന്ത്രി ജോവ് ഗാലന്റ് റിസർവ് സൈനികരെ തിരിച്ചുവിളിക്കാൻ നിർദേശം നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

 

 

തങ്ങൾ ഈ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ കേഡർമാർ ഹമാസിലെ സഹോദരങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് വിജയം വരെ നിലകൊള്ളുമെന്നും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് വക്താവ് പറഞ്ഞു. അൽ-അഖ്‌സയിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്കെതിരെ സ്വീകരിച്ച മനുഷ്യത്വ വിരുദ്ധ നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുമാണ് ഹമാസ് നീക്കം വിലയിരുത്തപ്പെടുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!