ഹസ്സനും ഹുസൈനും ഇരുമെയ്യായി; സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു

ടാൻസാനിയൻ സയാമീസ് ഇരട്ടകളായ “ഹസ്സൻ, ഹുസൈൻ” എന്നിവരുടെ വേർപിരിയൽ ശസ്ത്രക്രിയ സൗദിയിൽ വിജയകരമായി പൂർത്തിയാക്കി. നാഷണൽ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ 16 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേർപ്പിരിച്ചത്.

നഴ്‌സിംഗ്, ടെക്‌നിക്കൽ സ്റ്റാഫുകൾക്ക് പുറമെ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽ നിന്നുള്ള 35 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും പങ്കെടുത്ത 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ 9 ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.

കുട്ടികളെ വിജയകരമായി വേർപ്പെടുത്തി എന്നറിഞ്ഞപ്പോൾ മാതാവിൻ്റെ പ്രതികരണം

അനസ്‌തേഷ്യ, എൻഡോസ്കോപ്പി, വന്ധ്യംകരണം, മുറിവുകൾ തുറക്കൽ, കരൾ വേർപെടുത്തൽ, വൻ കുടലൂം ചെറുകുടലും വേർപെടുത്തൽ തുടങ്ങി നിരവധി സങ്കീർണ്ണ ഘട്ടങ്ങൾ പൂർത്തിയാക്കിയാണ് ഇരട്ടകളെ വേർപ്പെടുത്തിയത്. കൂടാതെ മൂത്രാശയ, പ്രത്യുൽപാദന സംവിധാനങ്ങളും അവ തമ്മിലുള്ള കൂടിച്ചേരലുകളും വേർപ്പെടുത്തി. പേശികളും ചർമ്മവും ഉപയോഗപ്പെടുത്തുന്ന പ്രക്രിയയും നടന്നു. പ്ലാസ്റ്റിക് സർജറി വിദഗ്ധർ അവയവങ്ങളെ രൂപഭേദം വരുത്തി.

ഓപ്പറേഷൻ കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം തന്നെ ഹസ്സനെയും ഹുസൈനെയും ജീവിതത്തിൽ ആദ്യമായി ഇരുമെയ്യായി പ്രത്യേക കിടക്കകളിൽ കിടത്തി. തുടർന്ന് പുനരുദ്ധാരണ ഘട്ടം ആരംഭിച്ചു,  ദഹനവ്യവസ്ഥ, വൻകുടൽ, മൂത്രവ്യവസ്ഥ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുടെ പുനഃസ്ഥാപനമായിരുന്നു ഈ ഘട്ടത്തിൽ പ്രധാനമായും ചെയ്തത്. അതിനുശേഷം മുറിവുകൾ അടയ്ക്കുന്ന പ്രക്രിയ പൂർത്തിയായി. പിന്നീട് ഇരട്ടകളെ രണ്ട് വ്യത്യസ്ത കിടക്കകളിലായി പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കുട്ടികളെ വേർപെടുത്തുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുമുള്ള പ്രത്യേക മെഡിക്കൽ സംഘത്തിനും സൗദി നേതൃത്വത്തിനും കുട്ടികളുടെ അമ്മ നന്ദിയും കടപ്പാടും അറിയിച്ചു, രാജ്യം ചെയ്യുന്ന മഹത്തായ മാനുഷിക പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ഇരട്ടകളെ വേർപെടുത്താൻ സഹായിക്കുന്ന എല്ലാ പുതിയ സാങ്കേതികവിദ്യകളും ഭാവിയിൽ ഉപയോഗിക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ റോയൽ കോർട്ടിന്റെ ഉപദേഷ്ടാവും കിംഗ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്‌ഡിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബിയ പറഞ്ഞു.

അൾട്രാസൗണ്ട് സ്‌കാൽപെൽ, ഇലക്‌ട്രോകൗട്ടറി, ബ്ലഡ് ബ്ലീഡിംഗ് കുറയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്‌ക്ക് പുറമേ ചില ലേസർ ഉപകരണങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

സൌദി ഭരാണധികാരി സൽമാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെയും പ്രത്യേക നിർദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. രാജ്യത്തിൻ്റെ മാനുഷിക മുഖം വ്യക്തമാക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ.

1990-ൽ തുടങ്ങിയതാണ് സയാമീസ് ഇരട്ടകളെ വേർതിരിക്കുന്നതിനുള്ള സൗദി പദ്ധതി. 33 വർഷത്തിനിടെ 24 രാജ്യങ്ങളിൽ നിന്നുള്ള 133 കേസുകൾ ഇതിലൂടെ കൈകാര്യം ചെയ്തു. അതിൽ 58 കേസുകൾ വേർതിരിക്കുന്നതിൽ വിജയിച്ചു, ഇത് 59-ാമത്തെ കേസാണ്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!