മനീഷ് സിസോദിക്ക് എതിരായ തെളിവ് എവിടെ? ജാമ്യാപേക്ഷ പരിഗണിക്കവെ അന്വേഷണ ഏജൻസികളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്കെതിരെയുള്ള തെളിവ് എവിടെ എന്ന് അന്വേഷണ ഏജന്‍സികളായ ഇഡിയോടും സിബിഐയോടും സുപ്രീം കോടതി. സിസോദിയയുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യമുന്നയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേഷ് അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോ എന്നും ആരാഞ്ഞു. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു.
സിസോദിയ പണം കൈപ്പറ്റിയതായാണ് അന്വേഷണ സംഘങ്ങള്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍, മദ്യലോബിയില്‍നിന്ന് സിസോദിയയുടെ പക്കല്‍ ആ പണം എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് കോടതി ചോദിച്ചു. ”നിരവധി വ്യക്തികള്‍ പണം നല്‍കുന്നുണ്ടാകാം പക്ഷെ അതെല്ലാം മദ്യവിഷയവുമായി ബന്ധപ്പെട്ടതാവണമെന്നില്ല. തെളിവെവിടെ? ദിനേഷ് അറോയും പണം കൈപ്പറ്റിയ വ്യക്തിയാണ്, അതിനും തെളിവെവിടെ? അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ”, ജസ്റ്റിസ് ഖന്ന ആരാഞ്ഞു. തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
മദ്യനയ കേസിൽ ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും തുടർന്നു 10 മണിക്കൂർ ചോദ്യംചെയ്തതിനു ശേഷവുമാണു കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മദ്യനയത്തിന്റെ മറവിൽ എഎപിക്കു ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് ഉപയോഗപ്പെടുത്തിയെന്നാണ് ഇഡിയുടെ ആരോപണം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക