സ്വന്തമായി നിര്‍മ്മിച്ചതുൾപ്പെടെ പിടിച്ചെടുത്തത് 265 കുപ്പി മദ്യം; 15 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ മദ്യം നിര്‍മ്മിച്ചതും കൈവശം സൂക്ഷിച്ചതുമായ കേസുകളില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വിവിധ രാജ്യക്കാരായ ഇവര്‍ ആറ് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും പ്രാദേശികമായി നിര്‍മ്മിച്ചതും വിദേശമദ്യവുമടക്കം 265 കുപ്പി മദ്യമാണ് പിടികൂടിയത്.
കുറ്റകൃത്യങ്ങളും അനധികൃത പ്രവര്‍ത്തനങ്ങളും പിടികൂടാനുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ച കേസില്‍ എട്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയിരുന്നു. റെസ്റ്റോറന്‍റില്‍ ഇവര്‍ മദ്യവും പന്നിയിറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ലൈസന്‍സിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അനധികൃത പ്രവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഒരു സ്വകാര്യ വസതിയെ റെസ്റ്റോറന്റാക്കി മാറ്റുകയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യം പന്നിയിറച്ചിക്കൊപ്പം ഉപഭോക്താക്കൾക്ക് വിളമ്പുകയുമായിരുന്നു.
ആവശ്യമായ അനുമതി നേടിയ ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ പ്രാദേശികമായി നിർമ്മിച്ച 489 കുപ്പി മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ 54 ജാറുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, 218 കിലോഗ്രാം പന്നിയിറച്ചി എന്നിവയും അധികൃതർ പിടിച്ചെടുത്തു. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റി ഇവ പിടിച്ചെടുത്ത് പിഴ ചുമത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക