യുഎഇയിൽ നിരവധി പേരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്

യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വാട്ട്‌സ്ആപ്പിന് പുറമെ ടെക്‌സ്‌റ്റ് മെസേജുകൾ, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്, എക്സ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പലപ്പോഴും പ്രചരിക്കുന്ന അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതാണ് ഹാക്ക് ചെയ്യപ്പെടുന്നതിൻ്റെയും ചതികളിൽ പെടുന്നതിൻ്റെയും പ്രധാന കാരണമെന്ന് യുഎഇ അധികൃതർ ജനങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി.

ഗ്രൂപ്പുകളിൽ ചേരാനോ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന അനാവശ്യ സന്ദേശങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് യുഎഇയിലെ സൈബർ സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്ന സൈബർ സെക്യൂരിറ്റി കൗൺസിൽ ഓർമിപ്പിച്ചു.

പരിചയമുള്ളവരുടെ നമ്പറിൽ നിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും വിവരങ്ങൾ ചോർത്തുകയാണ് ഹാക്കർമാർ. കഴിഞ്ഞ കുറേ മണിക്കൂറികളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ദുബൈ ഡിജിറ്റൽ അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകളിലൂടെ വാട്ട്സ്ആപ്പിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഹാക്കർമാർ ബാങ്ക് കാർഡ് വിവരങ്ങളും മറ്റും ചോർത്തി തട്ടിപ്പ് നടത്തുകയാണ്.

സംശയകരമായ ഏത് നീക്കത്തെയും കരുതിയിരിക്കണമെന്നാണ് ദുബൈ ഡിജിറ്റൽ നൽകുന്ന ജാഗ്രതാ നിർദേശം. വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽപെട്ടാൽ support@whatsapp.com എന്ന ഇമെയിൽ വിലാസത്തിൽ അക്കാര്യം അറിയിക്കണം. വാട്ട്സ്പ്പിനായി ഉപയോഗിക്കുന്ന നമ്പർ കൈമാറി അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടണമെന്നുംടി ഡി ആർ എ നിർദേശിക്കുന്നു.

വാട്ട്സ്ആപ്പ് അപ്ലിക്കഷേൻ മൊബൈലിൽ നിന്ന് പലതവണ നീക്കം ചെയ്യുകയും, റീ ഇൻസ്റ്റാൽ ചെയ്യുകയും വേണം. ദിവസം പലതവണ റീ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കണം. വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ബന്ധുക്കളെയും, സുഹൃത്തുക്കളെയും അറിയിക്കണം. തന്റെ നമ്പറിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് അവരോട് നിർദേശിക്കണമെന്നും ടി ഡി ആർ എ മുന്നറിയിപ്പിൽ പറയന്നു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
  • ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് നേരിട്ടുള്ള ആശയവിനിമയത്തിലൂടെ അയച്ചയാളുടെ ഐഡന്റിറ്റി പരിശോധിക്കുക.
  • നിങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും പതിവായി അപ്ഡേറ്റ് ചെയ്യുക.
  • ആൻറിവൈറസ് സോഫ്റ്റ്‌വെയറും ആപ്ലിക്കേഷനുകളും ഉപയോഗിക്കുക.
  • വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റ് വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും അജ്ഞാത ഗ്രൂപ്പുകളിൽ ചേരുന്നത് ഒഴിവാക്കുക.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!