സിക്കിമില്‍ മേഘവിസ്ഫോടനം, ഡാം തുറന്നുവിട്ടു, മിന്നല്‍പ്രളയത്തിൽ സൈനിക വാഹനങ്ങൾ ഒലിച്ചുപോയി; 23 സൈനികരെ കാണാതായി – വിഡിയോ

സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ നദിയില്‍ 15 മുതല്‍ 20 അടിവരെ ജലനിരപ്പുയര്‍ന്നു. ഇതേത്തുടർന്ന് സിങ്താമിലെ ബര്‍ദാങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാച്ചന്‍ താഴ്‌വരയിലെ വിവിധ സൈനിക ക്യാമ്പുകളേയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. പ്രളയത്തെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ്. ബുധനാഴ്ച ലാചെൻ താഴ്‌വരയിലാണ് സംഭവം.

 

വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയും ചെയ്തു. സിങ്താമിനു സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നു. സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

 

 

 

 

സിങ്താമിൽ ടീസ്റ്റ നദീതീരത്തുള്ള പരിശീലന കേന്ദ്രത്തിലെ 25ഓളം സൈനിക വാഹനങ്ങളാണ് പ്രളയത്തിൽ ഒഴുകിപ്പോയത്. താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ്, ഒഹിഡാങ്, ദിക്ചു, രംഗ്പോ എന്നിവിടങ്ങളിൽനിന്നെല്ലാം ആളുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. സംസ്ഥാനത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

 

പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. വിവിധയിടങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി. സംസ്ഥാനത്ത് 2400ഓളം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജൂണിൽ‌ വടക്കൻ സിക്കിമിലെ പെഗോങ് മേഖല കനത്ത മഴയേത്തുടർന്ന് പ്രളയം അഭിമുഖീകരിച്ചിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!