സൗദിയിൽ വിനോദ പരിപാടികളിൽ പരിശോധന കർശനമാക്കാൻ നിർദേശം; ലൈസൻസ് നേടാതെ പരിപാടികൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപടികളുണ്ടാകും

സൗദിയിൽ നടക്കുന്ന എല്ലാ വിനോദ പരിപാടികളിലും പരിശോധന ശക്തമാക്കാൻ മുനിസിപ്പൽ, ഗ്രാമീണ കാര്യ മന്ത്രാലയം നിർദേശം നൽകി. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടാതെ നടത്തുന്ന വിനോദ പരിപാടികൾ നിയമവിരുദ്ധമാണെന്നും ഇത്തരം പരിപാടികൾ നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനിൽ നിന്ന് ലഭിച്ച അടിയന്തിര സർക്കുലർ ലഭിച്ചതിനെ തുടർന്നാണ് പരിശോധന ശക്തമാക്കാൻ മന്ത്രാലയം നിർദേശം നൽകിയത്.

സെക്രട്ടേറിയറ്റുകൾ, ഏജൻസികൾ, പൊതു വകുപ്പുകൾ എന്നിവയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അടിയന്തര സർക്കുലർ. ലൈസൻസില്ലാത്ത നിരവധി വിനോദ പരിപാടികൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സെക്രട്ടേറിയറ്റുകളുടെയും മുനിസിപ്പാലിറ്റികളുടെയും മേൽനോട്ടത്തിനും ലൈസൻസിംഗിനും കീഴിൽ നടക്കേണ്ട പരിപാടികൾ പല സ്ഥലങ്ങളിലും നിയമ വിരുദ്ധമായി നടക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.

ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് പ്രേക്ഷകരുടെ പങ്കാളിത്തത്തോടെ നടത്തുന്ന വിനോദ പരിപാടികൾക്കും, തത്സമയ ഷോകൾക്കും, വിനോദ പ്രദർശനങ്ങൾ, നാടക പ്രകടനങ്ങൾ, മറ്റു വിനോദ പ്രവർത്തനങ്ങൾ എന്നിവക്കെല്ലാം മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്.

ഇത്തരം പരിപാടികൾ നടത്തുന്നതിന് 60 ദിവസം മുമ്പ് ലൈസൻസിനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം നടത്താൻ നിശ്ചയിച്ചിട്ടുള്ള പരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും സമർപ്പിക്കേണ്ടതാണ്. ആവശ്യമായ എല്ലാ അധികാരികളിൽനിന്നും ലൈസൻസുകൾ നേടണമെന്നും വ്യവസ്ഥയുണ്ട്. പരിപാടിയുടെ ഉള്ളടക്കത്തിൽ രാജ്യത്തിൻ്റെ സംസ്കാരത്തെയും മുല്യങ്ങളേയും ലംഘിക്കുന്ന ഒന്നും ഉൾപ്പെടാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെെ പരിപാടി നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലെ സെക്രട്ടേറിയറ്റുകളിലും മുനിസിപ്പാലിറ്റികളിലും പബ്ലിക് റിലേഷൻസുമായി ബന്ധപ്പെട്ട വകുപ്പുകളുമായും ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്. ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെും ആവശ്യമായ ലൈസൻസുകൾ നേടാതെയും നടത്തുന്ന എല്ലാ പരിപാടികളും നിയമവിരുദ്ധമായി കണക്കാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!