‘വസ്ത്രധാരണം ജനാധിപത്യ അവകാശം, അതിലേക്ക് ആരും കടന്നുകയറേണ്ടതില്ല’; തട്ടത്തില്‍ അനില്‍കുമാറിനെ തള്ളി സിപിഎം
‘തട്ടം’ വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണെന്നും ഇത്തരത്തിലുള്ള ഒരു പരാമർശങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നു ഹിജാബ് വിഷയം ഉയർന്നുവന്നപ്പോൾ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
‘വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്നം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ പാർട്ടിയുടെ നിലപാട് എന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും അതു വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്രധാരണത്തിനുള്ള അവകാശത്തിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ല. അതുകൊണ്ട് വസ്ത്രം ധരിക്കുന്നവർ ഈ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നു നിർദേശിക്കാനോ അതിന്റെ പേരിൽ വിമർശിക്കാനോ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല.’’– ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.
ഇതിനിതിരെ കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. അനില്‍ കുമാറിന്റേത് വ്യക്തിപരവും അബദ്ധ പരാമര്‍ശവുമാണെന്നായിരുന്നു കെ.ടി ജലീൽ വിമർശിച്ചത്. സിപിഎമ്മിന് ഇത്തരത്തിലുള്ള നിലപാടില്ലെന്ന് വിശദീകരിച്ച് കൊണ്ട് കെ.ടി.ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് എ.എം.ആരിഫ് ഷെയര്‍ ചെയ്തിട്ടുണ്ട്. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ ആരിഫ് എംപിയെ കുറിച്ചും ജലീല്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
അതേ സമയം കെ. അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശത്തില്‍ അതൃപ്തി പ്രകടമാക്കി വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഇരു സുന്നി വിഭാഗങ്ങളും സി.പി.എം. നേതാവിന്റെ പ്രസംഗത്തിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. ഇതിന് പുറമേ, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകളും മുസ്ലിം ലീഗിന്റെ വിവിധ നേതാക്കളും അനില്‍കുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക