വിവാദ തട്ടം പ്രസ്താവന; ജലീലിൻ്റെ പ്രതിരോധം ഏറ്റില്ല, CPMനെതിരെ വിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍

ആലപ്പുഴ: വിവാദ തട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവന പാര്‍ട്ടിയുടേത് അല്ലന്ന് വ്യക്തമാക്കിയ കെ.ടി.ജലീല്‍ എംഎല്‍എയെ പിന്തുണച്ച് എ.എം.ആരിഫ് എംപി. എന്നാൽ ജലീലിന്റെ പ്രതിരോധം തള്ളി പരാമർശത്തിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തി.

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനംമൂലമാണെന്നായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. എന്നാല്‍ അനില്‍ കുമാറിന്റേത് വ്യക്തിപരവും അബദ്ധ പരാമര്‍ശവുമാണെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീല്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ഇത്തരത്തിലുള്ള നിലപാടില്ലെന്ന് വിശദീകരിച്ച് കൊണ്ട് കെ.ടി.ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് എ.എം.ആരിഫ് ഷെയര്‍ ചെയ്തിട്ടുണ്ട്.

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ ആരിഫ് എംപിയെ കുറിച്ചും ജലീല്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

‘എന്റെ സുഹൃത്തും സി.പി.ഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സി.പി.ഐ (എം).

അത് മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ: അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ. എമ്മിന്റേതാണെന്ന വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല’ ജലീല്‍ വ്യക്തമാക്കി.

അതേ സമയം കെ. അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശത്തില്‍ അതൃപ്തി പ്രകടമാക്കി വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. മലപ്പുറത്തെ പെണ്‍കുട്ടികള്‍ തട്ടം വേണ്ടെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനത്താലാണെന്ന അനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് വ്യാപക പ്രതിഷേധം.

ഇരു സുന്നി വിഭാഗങ്ങളും സി.പി.എം. നേതാവിന്റെ പ്രസംഗത്തിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. ഇതിന് പുറമേ, വിമര്‍ശനങ്ങളുയര്‍ന്നതോടെ കെ.ടി.ജലീല്‍ എംഎല്‍എ സിപിഎമ്മിനെ പ്രതിരോധിച്ച് രംഗത്തെത്തിയെങ്കിലും വിവിധ സംഘടനാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകളും മുസ്ലിം ലീഗിന്റെ വിവിധ നേതാക്കളും അനില്‍കുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു.

സ്വതന്ത്ര ചിന്ത വന്നതില്‍ സി.പി.എമ്മിന്റെ പങ്ക് ചെറുതല്ലെന്ന് പറയുമ്പോഴായിരുന്നു അനില്‍കുമാറിന്റെ വിവാദ പ്രസ്താവന. ‘മലപ്പുറത്തെ വിദ്യാഭ്യാസം ഏതെങ്കിലും മതസംഘടന ഉണ്ടാക്കിയ വിദ്യാഭ്യാസമാണോ? മലപ്പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ കാണൂ നിങ്ങള്‍, തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടായെന്ന് പറയുന്ന പെണ്‍കുട്ടികളും മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായി തന്നെയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’, എന്നായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം.

യുക്തിവാദ പ്രചാരകരായ എസ്സെന്‍സ് ഗ്ലോബല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച ലിറ്റ്മസ്’23 പരിപാടിയിലായിരുന്നു അനില്‍കുമാറിന്റെ വിവാദപ്രസംഗം. ഏകസിവില്‍കോഡ് ആവശ്യമുണ്ടോയെന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ രവിചന്ദ്രന്‍ സി, അഡ്വ. ഷുക്കൂര്‍ സി, സുശീല്‍ കുമാര്‍ എന്നിവരും സംവാദത്തില്‍ പങ്കെടുത്തിരുന്നു. സംഘപരിവാര്‍ അനുകൂല യുക്തിവാദ പ്രചാരകരാണ് എസ്സെന്‍സ് എന്ന് വ്യാപക വിമര്‍ശനം വിവിധ ഭാഗത്തുനിന്ന് ഉയരുമ്പോള്‍തന്നെയാണ് അവരുടെ വേദിയില്‍ സി.പി.എം. നേതാവിന്റെ പരാമര്‍ശമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്ന കെ.ടി. ജലീലിന്റെ പ്രസ്തവാന തള്ളിയാണ് സമസ്ത ഇ.കെ. വിഭാഗം രംഗത്തെത്തിയത്. അനില്‍കുമാര്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ സ്വന്തം ആശയമല്ലെന്നും പാര്‍ട്ടിയുടേതാണെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. തട്ടം ധരിക്കുന്നത് അധോഗതിയാണ്, പുരോഗതിയല്ല എന്ന ഭാഷ്യം അനില്‍കുമാറിന്റെ പ്രസ്താവനയിലുണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ല. സ്വാഭാവികമായി മതപരമായ തത്വങ്ങള്‍ക്കെതിരാണ് കമ്മ്യൂണിസം. അത് വസ്തുതയാണ്, മറച്ചുവെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അനില്‍കുമാറിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം സമസ്ത രംഗത്തെത്തിയിരുന്നു. മനുഷ്യത്വ വിരുദ്ധ നവലിബറല്‍ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്നായിരുന്നു എ.പി. വിഭാഗത്തിന്റെ ആവശ്യം. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ മുസ്ലിം സമുദായം വിദ്യാഭ്യാസരംഗത്തടക്കം നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് മുസ്ലിംകളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് വ്യക്തമാക്കുന്നതാണ് അനില്‍കുമാറിന്റെ പ്രസ്താവനയെന്ന് വിമര്‍ശിച്ച് എസ്.കെ.എസ്.എസ്.എഫ്. നേതാവായ സത്താര്‍ പന്തല്ലൂരും രംഗത്തെത്തിയിരുന്നു. മലപ്പുറത്തെ പെണ്ണുങ്ങളെക്കാള്‍ മുസ്ലിം സ്ത്രീകള്‍ ഹിജാബ് പാലിക്കുന്നത്, പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസര്‍കോഡുമാണെന്ന് അനുഭവം. തെക്കുള്ളവര്‍ കൂടുതല്‍ തുറന്നിടുന്നത് കാണാം. ഇതൊന്നും ഒരു പാര്‍ട്ടിയുടെയും സ്വാധീനം കാരണമല്ല. അറബ് രാജ്യങ്ങളില്‍ പോലും ലിബറല്‍-മോഡേണിസ്റ്റ് – ഫെമിനിസ്റ്റ് പാര്‍ന്റെമിക് രോഗബാധയേറ്റവര്‍ തട്ടം വലിച്ചെറിയുന്നത് കാണാം. പാര്‍ട്ടിക്ക് വേണമെങ്കില്‍ അതിന്റെ പിതൃത്വവും ഏറ്റെടുക്കാമെന്നും സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

വ്യക്തിയുടെ അബദ്ധം പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് വിവരക്കേടാണെന്നായിരുന്നു ജലീലിന്റെ വിമര്‍ശനം. കേരളത്തിലെ 26 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെക്കുറിച്ച് അത്യാവശ്യത്തിനുപോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവര്‍ത്തകര്‍ക്കും സാഹിത്യ-കലാ-സാംസ്‌കാരിക നായകര്‍ക്കും പത്രമാധ്യമ പ്രവര്‍ത്തകര്‍ക്കും മത-സാമുദായിക നേതാക്കള്‍ക്കുമില്ല. അത് ഏത് രാഷ്ട്രീയ ചേരിയില്‍പ്പെട്ടവരാണെങ്കിലും ശരി. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകള്‍ പലപ്പോഴും സംഭവിക്കുന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.

അനില്‍കുമാറിന്റേ് മുസ്ലിം വിരുദ്ധ പരാമര്‍ശമാണെന്ന വിമര്‍ശനവുമായി മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂരും രംഗത്തെത്തിയിരുന്നു. സ്വതന്ത്ര ചിന്തയുടെ പേരില്‍ എന്തുമാവാമെന്ന നിലപാടിലേക്ക് നമ്മുടെ യുവതയെ നയിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് നേതൃത്വം മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം. നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്റെ പ്രതികരണം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!