സൗദിയിൽ വാഹന ഇൻഷൂറൻസ് നിമയങ്ങൾ പരിഷ്കരിക്കുന്നു; അപകട ആനുകൂല്യങ്ങളിൽ മാറ്റം വരും

സൗദിയിൽ വാഹന ഇൻഷൂറൻസ് നിയമങ്ങൾ പരിഷ്കരിക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായി വാഹന ഇൻഷൂറൻസ് നിയമങ്ങളുടെ  കരട് പരിഷ്കരിക്കുന്നതിനായി സൗദി സെൻട്രൽ ബാങ്ക് (SAMA) പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി.  സമഗ്ര വാഹന ഇൻഷുറൻസ് നിയമങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും കക്ഷികളും അവരുടെ അഭിപ്രായങ്ങൾ ഇസ്തിത്‌ലാ പ്ലാറ്റ്‌ഫോം (Istitlaa) വഴി അയയ്‌ക്കാൻ അറിയിക്കണമെന്ന് SAMA അറിയിച്ചു.

ഇൻഷ്വർ ചെയ്തവരുടെ ബന്ധുക്കൾ, സ്വകാര്യ ഡ്രൈവർമാർ, സ്പോൺസർമാർ എന്നിവരെയും ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കാനാണ് ഭേദഗതി ചെയ്ത ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. ഇൻഷൂറൻസ് പരിരക്ഷയുടെ വ്യാപ്തി വ്യക്തിഗത ക്ലയന്റുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് കരട് ബിൽ. അതേ സമയം കോർപ്പറേറ്റ് ക്ലയന്റുകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇൻഷുറൻസ് കവറേജുകളും ആനുകൂല്യങ്ങളും ഇഷ്ടാനുസൃതമാക്കാൻ അനുവാദം നൽകുന്നുണ്ട്.

മരണം, ശാരീരിക പരിക്കുകൾ, മെഡിക്കൽ ചെലവുകൾ എന്നിവക്കുള്ള ആനൂകൂല്യങ്ങൾ ഡ്രൈവർക്കോ, ​​പേരുനൽകിയ ഡ്രൈവർക്കോ വേണ്ടിമാത്രമാക്കി പരിമിതപെടുത്തും. ഇൻഷൂർ ചെയ്ത ആളുമായി ബന്ധമുള്ള ഡ്രൈവർ, അല്ലെങ്കിൽ അയാളുടെ സ്പോൺസർഷിപ്പിന് കീഴിലുള്ള ഡ്രൈവർ അല്ലെങ്കിൽ അതേ തൊഴിൽ കരാറിന് കീഴിൽ ജോലി ചെയ്യുന്ന മറ്റ് ഡ്രൈവർമാർ എന്നിവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും.

ഇൻഷ്വർ ചെയ്തയാളോ പേരുനൽകിയ ഡ്രൈവറോ അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ, കിഴിവ് തുക കണക്കാക്കാത്തതിനെക്കുറിച്ചുള്ള ഒരു ഭേദഗതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരട് ബില്ലിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും അറിയിക്കാൻ 15 ദിവസം വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം നിയമങ്ങൾ അന്തിമമാക്കുന്നതിനെ കുറിച്ച് വിലയിരുത്തുന്നതാണെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!