കണ്ണീര്‍ മാത്രം; മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ ചേതനയറ്റ് രാജന്‍, വിങ്ങിപ്പൊട്ടി നാട്
തിരുവനന്തപുരം: മകളുടെ വിവാഹദിവസം അതിദാരുണമായി കൊല്ലപ്പെട്ട വര്‍ക്കല കല്ലമ്പലം സ്വദേശി രാജന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബുധനാഴ്ച വൈകിട്ട് 3.15-ഓടെയാണ് മൃതദേഹം കല്ലമ്പലം വടശ്ശേരിക്കോണത്തെ വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
മകളുടെ വിവാഹപന്തലില്‍ തന്നെയാണ് പൊതുദര്‍ശനവും ഒരുക്കിയിരുന്നത്. വിവാഹാഘോഷം നടക്കേണ്ട പന്തലില്‍ ചേതനയറ്റനിലയില്‍ രാജന്റെ മൃതദേഹം കണ്ട് ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. നടുക്കുന്ന കൊലപാതകവിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍ വന്‍ ജനാവലിയാണ് വടശ്ശേരിക്കോണത്തെ വീട്ടിലെത്തിയത്.
മറ്റു വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കല്ലമ്പലത്തെ വിവാഹവീട്ടില്‍ നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജനാണ് മകളുടെ വിവാഹദിവസം വിവാഹപന്തലില്‍വെച്ച് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. മകളെയും ബന്ധുക്കളെയും ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ രാജനെ നാലംഗസംഘം മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന്‍ തല്‍ക്ഷണം മരിച്ചു.
രാജന്റെ മകളുടെ മുന്‍സുഹൃത്തായ ചിക്കു എന്ന ജിഷ്ണുവിന്റെ നേതൃത്വത്തിലെത്തിയ നാലംഗസംഘമാണ് അതിക്രൂരമായ ആക്രമണവും കൊലപാതകവും നടത്തിയത്. മകളെ തനിക്ക് വിവാഹംചെയ്തുനല്‍കണമെന്ന് ജിഷ്ണു നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ രാജനും കുടുംബവും ഇതിന് തയ്യാറായില്ല. രാജന്റെ മകള്‍ക്കും ജിഷ്ണുവുമായുള്ള ബന്ധത്തിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് ജിഷ്ണുവും സംഘവും വിവാഹദിവസം വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്.
വധുവിനെ ലക്ഷ്യമിട്ടാണ് അക്രമിസംഘം അര്‍ധരാത്രി വീട്ടിലെത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് കല്യാണപ്പെണ്ണിനെയും ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെയും അക്രമിസംഘം ക്രൂരമായി മര്‍ദിച്ചു.
രാത്രി വീട്ടിലെത്തിയ ജിഷ്ണു വധുവിനെ അടിച്ചുവീഴ്ത്തി മുഖം നിലത്തിട്ട് ഉരച്ചെന്നായിരുന്നു ദൃക്സാക്ഷികളുടെ മൊഴി. മുഖം നിലത്ത് ചേര്‍ത്തുകിടത്തി നിരന്തരം അടിച്ചെന്നും ഇവര്‍ പറയുന്നു. അക്രമം തടയാനെത്തിയ രാജന്റെ ഭാര്യയെയും ബന്ധുക്കളെയും ജിഷ്ണുവിന്റെ സുഹൃത്തുക്കളും മര്‍ദിച്ചു. ഈ സമയം വീട്ടുപരിസരത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയതായിരുന്നു രാജന്‍. മകളെയും ബന്ധുക്കളെയും നാലുപേര്‍ മര്‍ദിക്കുന്ന കാഴ്ചയാണ് ബഹളം കേട്ടെത്തിയ രാജന്‍ കണ്ടത്. അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മണ്‍വെട്ടി കൊണ്ട് രാജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിവാഹവീട്ടില്‍ നടന്ന കൊലപാതകത്തില്‍ നാലുപ്രതികളെയും പോലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. മുഖ്യപ്രതി ജിഷ്ണു, സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കുറ്റംസമ്മതിച്ചിട്ടുണ്ടെന്നും അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും റൂറല്‍ എസ്.പി. ഡി.ശില്പ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
നിങ്ങളുടെ ബിസിനസ് ഏതുമാകട്ടെ…ചെറുതും വലുതുമായ ഏത് സ്ഥാപങ്ങൾക്കും അനുയോജ്യമായ സോഫ്റ്റ്‌വെയറുകൾക്ക് ZiMEX Softwares Solutions നെ ബന്ധപ്പെടാം…!!!
ബന്ധപ്പെടുക:
00966 539085220
https://wa.me/966539085220
https://wa.me/966547472409