ഏകസിവിൽ കോഡ്: പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുസ്ലീം ലീഗ്, ഏക സിവില്‍ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ വീണ്ടും സജീവമായ ഏക സിവിൽ കോഡ് വിഷയത്തിൽ കടുത്ത വിമർശനവുമായി മുസ്‌ലിം ലീഗ്. ഒരു കാരണവശാലും ഏക സിവിൽ കോഡ് അംഗീകരിക്കില്ലെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കി. നിലവിലുള്ള നിയമം അനുസരിച്ച് മുന്നോട്ടു പോകണമെന്ന് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹവും ഭരണഘടനാ വിരുദ്ധവുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലം പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് ഒരുക്കമായി അജൻഡ സെറ്റ് ചെയ്യുകയാണെന്നും മുസ്‍ലിം ലീഗ് ആരോപിച്ചു. ഏക സിവിൽ കോഡ് വിഷയത്തിൽ അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കൾ.

‘‘പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന അങ്ങേയറ്റം ദുരൂഹത നിറഞ്ഞതാണ്. അത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ ഒരു സമീപനമാണ് പ്രധാനമന്ത്രി ഇന്നലെ സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. രാജ്യത്ത് നിലവിലുള്ള വ്യവസ്ഥിതിക്ക് എതിരാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ. ഇവിടെ നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ടു തന്നെ നമുക്കു മുന്നോട്ടു പോകണം. ഭരണഘടന ഏക സിവിൽ കോഡ് അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാണ്. അതിനെ മറികടന്നുകൊണ്ട് നിയമം കൊണ്ടുവരാനുള്ള നീക്കം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. അതിൽനിന്ന് സർക്കാർ പിന്നോട്ടു പോയേ തീരൂ. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ മുസ്‍ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്’’ – പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.

‘‘പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജൻഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. അവർക്ക മറ്റൊരു നേട്ടവും പറയാനില്ലാത്തതുകൊണ്ട് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബില്‍ കൊണ്ടുവന്ന് ചർച്ചയൊക്കെ സ‍ൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അജൻഡയാക്കാനുള്ള ശ്രമമാണ്. കർണാടക തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തതിനു സമാനമാണ് ഇതും. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഈ സർക്കാർ ചെയ്ത ഒരു കാര്യവുമില്ല. മണിപ്പുരിൽ പോലും ഒരു അഭിപ്രായവും പറയാതെ, മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ്, ഇപ്പോൾ യാതൊരു കാര്യവുമില്ലാതെ ഈ വിഷയം ഉയർത്തിക്കൊണ്ടു വരുന്നത്. ജനത്തെ വിഡ്ഢികളാക്കുന്ന നടപടിയാണിത്. അതിനെ ശക്തിയായി പാർട്ടി എതിർക്കും’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘‘മുസ്‍ലിം ലീഗ് എക്കാലത്തും ഏക സിവിൽ കോഡിനെ എതിർത്തവരാണ്. ഞങ്ങളുടെ എതിർപ്പ് മാത്രമല്ല, ഇന്ത്യയിൽ ഏക സിവിൽ കോഡ് പ്രായോഗികമായി നടപ്പാക്കാനാകില്ല. ഇന്ത്യ തികച്ചും ബഹുസ്വരമായ വൈവിധ്യങ്ങളുള്ള രാജ്യമാണ്. വ്യത്യസ്തരായ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് അവരുടേതായ ആചാരങ്ങളും മതപരമായ നിയമങ്ങളുമുണ്ട്. ഇതൊക്കെ വച്ചു നോക്കുമ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ഒരു തരത്തിലും നടപ്പാക്കാനാകാത്ത സംഗതിയാണ് പ്രധാനമന്ത്രി ഇപ്പോൾ എടുത്തിട്ടിരിക്കുന്നത്.

നരേന്ദ്ര മോദിക്കു ഭയമാണ് എന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ ഭരണം ഇക്കാലയളവിൽ തികച്ചും മോശമായിരുന്നു. നോട്ട് നിരോധനവും സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളുമെല്ലാമായി ആകെ കുരുക്കിലാണ്. അതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം നടത്തുന്നത്. അത് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. കർണാടക തിരഞ്ഞെടുപ്പിൽ സാധ്യമായ തുറുപ്പുചീട്ടുകളെല്ലാം അദ്ദേഹം പയറ്റിയതാണ്. എല്ലാം പൊളിഞ്ഞു. ഈ ഘടകങ്ങളെല്ലാം അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു അജൻഡയുമായി മുന്നോട്ടു വരുന്നത്’’ – ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.

 

 

അതേ സമയം പ്രധാനമന്ത്രിയുടെ നിലപാടിനെ ആം ആദ്മി പാർട്ടി പിന്തുണച്ചു. രാജ്യത്ത് പൊതുവ്യക്തിനിയമം (ഏക സിവില്‍ കോഡ്‌) നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ടെന്നും അക്കാരണത്താല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു.

ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം. പൊതുവ്യക്തിനിയമം നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും എല്ലാവര്‍ക്കും തുല്യാവകാശം ഭരണഘടന വിഭാവനംചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. ”പൊതുവ്യക്തിനിയമത്തെക്കുറിച്ച് രാജ്യത്തെ മുസ്‌ലിങ്ങളെ തെറ്റിധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നു. വോട്ടുബാങ്ക്രാഷ്ട്രീയം ലക്ഷ്യമിട്ട നീക്കങ്ങളാണിത്. പ്രീണനനയവും വോട്ടുബാങ്ക് രാഷ്ട്രീയവും പിന്തുടരില്ലെന്ന് ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് സമീപകാലത്ത് പൊതുവേദിയില്‍ ആദ്യമായാണ് പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!