‘ഒരു രാജ്യത്ത് രണ്ട് നിയമം ശരിയല്ല’: മുത്തലാഖിനെ വിമർശിച്ച് ഏക സിവിൽ കോഡിനായി മോദി – വീഡിയോ

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നടന്ന യോഗത്തില്‍ ഏക സിവില്‍കോഡ് വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും രണ്ട് തരത്തിലുള്ള നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. ഭോപ്പാലില്‍ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണിത്.

‘ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിന് നല്ല രീതിയില്‍ മുന്നോട്ടുപോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും? നമ്മുടെ ഭരണഘടനയും പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഉറപ്പുനല്‍കുന്നത്. സുപ്രീംകോടതി പോലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്ലീം സമുദായത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ്’- മോദി പറഞ്ഞു.

മുത്തലാഖിനെതിരേയും ശക്തമായ വിമര്‍ശനം മോദി ഉന്നയിച്ചു. മുത്തലാഖ് വിഷയത്തിലും മുസ്ലീം ജനവിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബാങ്കിനായി മുസ്ലീം പെണ്‍കുട്ടികളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും മുത്തലാഖ് സ്ത്രീകളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെ കൂടിയാണ് നശിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.

മുസ്ലീം പെണ്‍കുട്ടികളെ അടിച്ചമര്‍ത്താനായി അവരുടെ മേല്‍ മുത്തലാഖിന്റെ കുരുക്ക് കെട്ടിവയ്ക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. അവരാണ് മുത്തലാഖിനെ പിന്തുണയ്ക്കുന്നത്. അതുകൊണ്ടാണ് മുസ്ലീം സഹോദരിമാരും പെണ്‍കുട്ടികളും ബിജെപിക്കൊപ്പം നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.

 

 

മുത്തലാഖ് ഇസ്ലാമില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണെങ്കില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്‍ഡൊനീഷ്യ, ഖത്തര്‍, ജോര്‍ദാന്‍, സിറിയ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഇത് പിന്തുടരാത്തത് എന്തുകൊണ്ടാണെന്നും മോദി ചോദിച്ചു. ജനസംഖ്യയുടെ 90 ശതമാനവും സുന്നി മുസ്ലീംങ്ങളുള്ള ഈജിപ്തില്‍ 90 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മുത്തലഖ് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മോദി ഏത് രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുസ്ലീംങ്ങള്‍ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭയപ്പെടുന്നതിനാലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുന്നതെന്നും പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി വിമര്‍ശിച്ചു. അഴിമതി കാരണം ജയിലിലേക്ക് പോകുമെന്ന ഭയമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാനുള്ള കാരണമെന്നും മോദി പറഞ്ഞു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കിയിരിക്കെ, ഈ മാസമാദ്യം വിഷയത്തിൽ ദേശീയ ലോ കമ്മിഷൻ പൊതുജനാഭിപ്രായം തേടിയിരുന്നു. വിവിധ മതസംഘടനകളിൽനിന്ന് ഉൾപ്പെടെ അഭിപ്രായം ക്ഷണിച്ചാണു കമ്മിഷന്റെ നോട്ടിസ്. ഇതിനു മുൻപത്തെ ലോ കമ്മിഷനും (21-ാം) വിഷയത്തിൽ ജനാഭിപ്രായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2018ൽ ചർച്ചാരേഖയും പ്രസിദ്ധീകരിച്ചതാണ്. ഇതു പഴകിയെന്നതും വിഷയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണു വീണ്ടും ജനാഭിപ്രായം തേടുന്നതെന്നാണു കമ്മിഷന്റെ വിശദീകരണം.

ഏക സിവിൽ കോഡ് ഇപ്പോൾ അഭികാമ്യമല്ലെന്നായിരുന്നു മുൻ കമ്മിഷന്റെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നുവെന്ന വിലയിരുത്തലുകളുണ്ട്. കമ്മിഷന്റെ അഭിപ്രായം കാക്കുകയാണെന്നും അന്തിമതീരുമാനമെടുത്തിട്ടില്ലെന്നുമാണു ഫെബ്രുവരിയിൽ നിയമ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!