റഷ്യയിൽ മലയാളി എംബിബിഎസ് വിദ്യാർഥികൾ തടാകത്തിൽ മുങ്ങിമരിച്ചു
അവസാന വർഷ എംബിബിഎസ് വിദ്യാർഥികളായ 2 മലയാളികൾ റഷ്യയിൽ തടാകത്തിൽ വീണു മരിച്ചു. സിദ്ധാർഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാഗര നഗർ 48 (ബി)യിൽ സുനിൽ കുമാറിന്റെ മകൻ സിദ്ധാർഥ് സുനിൽ (24), കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി പ്രത്യുഷ (24) എന്നിവരാണ് അപകടത്തിൽ പെട്ടത്. തടാകത്തിന്റെ കരയിൽനിന്ന് സെൽഫി എടുക്കുകയായിരുന്ന പ്രത്യുഷ കാൽ തെന്നി മറിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിച്ച സിദ്ധാർഥും അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതെന്നു സിദ്ധാർഥിന്റെ പിതാവ് പറഞ്ഞു.
റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു. യൂണിവേഴ്സിറ്റിക്കു സമീപമാണ് തടാകം. സുഹൃത്തുക്കളോടൊപ്പമാണ് തടാകം കാണാൻ പോയത്. 6 മാസത്തിനകം പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. സിദ്ധാർഥ് കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ വന്നിരുന്നു. മൃതദേഹം ചൊവ്വാഴ്ച റഷ്യയിൽനിന്നു അയച്ച് ദുബായ് വഴി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. സന്ധ്യ സുനിൽ ആണ് സിദ്ധാർഥിന്റെ മാതാവ്. സഹോദരി; പാർവതി സുനിൽ.
മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകളാണ് പ്രത്യുഷ. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. താനടക്കം അഞ്ച് സുഹൃത്തുക്കൾ തടാകം കാണാൻ പോകുന്നുവെന്ന് പ്രത്യുഷ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രി യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273