മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുബൈ പൊലീസ് അന്വേഷണം തുടരുന്നു; വീട്ടുജോലിക്കാരിക്കും ഷോക്കേറ്റു
എഞ്ചിനീയറായിരുന്ന മലയാളി യുവതി കഴിഞ്ഞയാഴ്ച ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുബൈ പൊലീസിന്റെ അന്വേഷണം തുടരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് ദുബൈയിലെ വസതിയില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.
നീതുവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. ആറ് വയസുകാരന്റെ അമ്മയായ നീതു, ജൂണ്‍ 14ന് വൈകുന്നേരമാണ് മരിച്ചത്. എഞ്ചിനീയറായ ഭര്‍ത്താവ് വിശാഖ് ഗോപിയും മകന്‍ നിവേഷ് കൃഷ്ണയും വീട്ടുജോലിക്കാരിയും ഈ സമയം അല്‍ തവാര്‍ -3ലെ വീട്ടിലുണ്ടായിരുന്നു.
ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നതിനാല്‍ വീട്ടില്‍ കറണ്ട് ഉണ്ടായിരുന്നില്ല. അന്ന് വീട്ടിലിരുന്ന് ജോലി ചെയ്‍തിരുന്ന നീതു, ജോലി കഴിഞ്ഞ് കുളിക്കാനായി പോയതായിരുന്നു. അപ്പോഴും കറണ്ട് വന്നിട്ടില്ലാതിരുന്നതിനാല്‍ എമര്‍ജന്‍സി ലാമ്പ് എടുത്തുകൊണ്ടാണ് നീതു കളിക്കാന്‍ പോയത്. ഏതാണ്ട് വൈകുന്നേരം 7.15ഓടെ അടുക്കളിയില്‍ പാത്രം കഴുകുകയായിരുന്ന വീട്ടജോലിക്കാരിക്ക് പാത്രത്തില്‍ നിന്ന് ഷോക്കേറ്റതായി അനുഭവപ്പെട്ടു. അതേസമയം തന്നെ ബാത്ത്റൂമില്‍ നിന്ന് നീതുവിന്റെ നിലവിളിയും കേട്ടു. പാത്രം പെട്ടെന്ന് വലിച്ചെറിഞ്ഞതുകൊണ്ടാണ് ജോലിക്കാരി രക്ഷപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. ഉടന്‍ തന്നെ വിശാഖും ജോലിക്കാരിയും നീതുവിന് എന്ത് സംഭവിച്ചുവെന്നറിയാന്‍ ബാത്ത്റൂമിലേക്ക് ഓടി.
വാതില്‍ തുറക്കുകയോ വിളി കേള്‍ക്കുകയോ ചെയ്യാതിരുന്നതോടെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് വിശാഖ് വാതില്‍ തകര്‍ത്തു. ബാത്ത് ടബ്ബിലേക്ക് വീണുകിടക്കുന്ന നിലയിലായിരുന്നു നീതു. കൈയില്‍ ഷവര്‍ പിടിച്ചിട്ടുണ്ടായിരുന്നു. ഷവര്‍ ഹെഡ് ശരീരത്തില്‍ സ്‍പര്‍ശിച്ച നിലയിലുമായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടുതന്നെ ഷവര്‍ ഹോസ് ശരീരത്തില്‍ നിന്ന് മാറ്റിയ ശേഷം നീതുവിന് സി.പി.ആര്‍ കൊടുക്കുകയും ആംബുലന്‍സ് വിളിക്കുകയുമായിരുന്നു. പാരാമെഡിക്കല്‍ ജീവനക്കാരെത്തി സിപിആര്‍ കൊടുത്ത ശേഷം ഗുസൈസിലെ ആശുപത്രിയില്‍ എത്തിച്ചു. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കേസ് അന്വേഷിക്കുന്ന ദുബൈ പൊലീസ് സംഘം കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് പ്രത്യേക ഫോറന്‍സിക് വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തി. ബാത്ത്റൂമിലെ വാട്ടര്‍ ഹീറ്റര്‍ ഉള്‍പ്പെടെ പരിശോധിക്കുകയും ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‍തു. പരിശോധനകള്‍ക്കായി ബാത്ത്റൂം സീല്‍ ചെയ്യുകയും ചെയ്‍തു. അപകട മരണമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പിറ്റേ ദിവസം തന്നെ പൊലീസ് ക്ലിയറന്‍സ് നല്‍കി. 16-ാം തീയ്യതിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയണമെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും വിശാഖ് പ്രതികരിച്ചു. ഇനിയൊരാള്‍ക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കണമെന്നും അദ്ദേഹം ‘ഗള്‍ഫ് ന്യൂസിനോട്’ സംസാരിക്കവെ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273