ഇത്തവണ വിദേശ ഹജ്ജ് തീർഥാടകരുടെ ചെലവ് കുറച്ചു; സേവനങ്ങൾ വിപുലമാക്കി – സൗദി

രാജ്യാന്തര ഹജ് തീർഥാടകരുടെ ചെലവ് കുറച്ചതായി സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ. 14 ലക്ഷം വിദേശ തീർഥാടകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഹജ് സേവന ദാതാക്കളുടെ എണ്ണം ആറിൽനിന്ന് 16 ആക്കി വർധിപ്പിച്ചതോടെ മത്സരം മുറുകി. ഇതു സേവനം മെച്ചപ്പെടുത്താനും നിരക്ക് കുറയ്ക്കാനും സഹായകമായി. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ അധിക സുരക്ഷ ഒഴിവാക്കിയതും ചെലവ് കുറയാൻ കാരണമായി.

ആഭ്യന്തര തീർഥാടകരുടെ ഹജ് പാക്കേജും കുറച്ചു. നിരക്ക് 3,984 സൗദി റിയാൽ മുതൽ. തീർഥാടന പാക്കേജുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ നിരീക്ഷണം ശക്തമാക്കി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. തീർഥാടകരുടെ എണ്ണം കോവിഡിനു മുൻപുള്ള നിലയിലേക്ക് മടങ്ങിയതിനാൽ സേവനങ്ങളും വിപുലമാക്കിയെന്ന് മന്ത്രി സൂചിപ്പിച്ചു.

യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ സൗകര്യാർഥം 7 ഭാഷകളിൽ നുസുക് ഹജ് പ്ലാറ്റ്‌ഫോം സേവനം വിപുലപ്പെടുത്തി. ഈ പ്ലാറ്റ്ഫോം വഴിയാണ് ഹജ്ജിനുള്ള ഫീസ് അടയ്ക്കേണ്ടത്.  മികച്ച സേവനം നൽകുന്ന കമ്പനികൾക്ക് ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

 

തീർഥാടനത്തിൽ രാഷ്ട്രീയം അരുതെന്ന് സൗദി 

മക്ക ∙ തീർഥാടന വേളയിൽ രാഷ്ട്രീയ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് തീർഥാടകരോട് അഭ്യർഥിച്ചു. ഹജ്ജിൻന്റെ പവിത്രത നഷ്ടപ്പെടുത്തും വിധം തീർഥാടനത്തിൽ രാഷ്ട്രീയം കലർത്തരുത്. ഹജ് കർമത്തിന് തടസ്സമാകുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

പ്രാർഥനയ്ക്കും ഹജ് അനുഷ്ഠാനങ്ങൾക്കും ഉള്ള സ്ഥലമാണ് തീർഥാടന കേന്ദ്രങ്ങൾ. പിണക്കവും വിദ്വേഷവും ആക്രോശങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഇവിടെ പാടില്ലെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. പ്രവാചകചര്യ പിന്തുടർന്ന് ഹജ് നിർവഹിക്കണമെന്നും അഭ്യർഥിച്ചു.

ഹജ് പെർമിറ്റില്ലെങ്കിൽ മക്കയിൽ പ്രവേശനവിലക്ക് 

മക്ക∙ ഹജ് പെർമിറ്റില്ലാത്ത വാഹനങ്ങൾക്ക് ജൂലൈ ഒന്നു വരെ മക്കയിലേക്കു പ്രവേശന വിലക്ക്. ഇത്തരം വാഹനങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രവേശന കവാടത്തിൽ തടയും. ഇന്നലെ ഉച്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഹജ് പെർമിറ്റ് ഇല്ലാതെ തീർഥാടകരെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്ക് 6 മാസം വരെ തടവും 50,000 റിയാൽ പിഴയും ശിക്ഷയുണ്ടാകും. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടും. നിയമലംഘകർ വിദേശിയാണെങ്കിൽ ശിക്ഷയ്ക്കുശേഷം നിശ്ചിത കാലത്തേക്കു പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!