കോഴിക്കോട് പുതിയ വിഎഫ്എസ് കേന്ദ്രം ഉടനെ വരുമോ? കൊച്ചിയിൽ നിലവിൽ അപ്പോയിൻ്റ്മെൻ്റ് ലഭിച്ചവർ എന്ത് ചെയ്യണം?

കോഴിക്കോട് കേന്ദ്രമായി പുതിയ വിഎഫ്എസ് കേന്ദ്രം വരുന്നു എന്ന വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന നിലപാടാണ് ഡൽഹിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. കോഴിക്കോട് വിഎഫ്എസ് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് അപ്പോയിൻ്റ് മെൻ്റ് എടുക്കുന്നതിനും മറ്റും ആവശ്യമായ ക്രമീകരണങ്ങൾ വെബ് സൈറ്റിൽ ഒരുക്കുകയാണ് ഇപ്പോൾ നടന്ന് വരുന്നത്. ഇതോടൊപ്പം മറ്റു സാങ്കേതിക നിയമ നടപടികളും പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ നൽകുന്ന സൂചന.

നിലവിൽ വിസ അപ്പോയിൻ്റ്മെൻ്റ് എടുക്കാൻ ശ്രമിക്കുന്നവർക്ക് കൊച്ചിക്ക് പുറമെ കോഴിക്കോട് എന്ന് കൂടി കാണാമെങ്കിലും, ഒരു പക്ഷേ വരും ദിവസങ്ങളിൽ ഇത് അപ്രത്യക്ഷമാകാനും സാധ്യതയുണ്ട്. എങ്കിലും ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറക്ക് എല്ലാം ലഭ്യമാകും. വെബ്സൈറ്റിലെ ക്രമീകരണങ്ങൾ നടന്ന് വരുന്നതിനാൽ തിയതി, സമയം ഉൾപ്പെടെ പല ഓപ്ഷനുകളും ഇപ്പോൾ ലഭ്യമാകില്ല. നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ മാത്രമാണ് സൌദി മിഷൻ ഉള്ളത്. കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നീ സ്ഥലങ്ങളിലെ വിഎഫ്എസ് കേന്ദ്രങ്ങൾ മുംബെയിലെ സൌദി മിഷന് കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് കേന്ദ്രം വരുമ്പോൾ കൊച്ചിക്ക് കീഴിൽ വരുമെന്നാണ് അനുമാനം.

 

 

 

അതേ സമയം പുതിയ വിഎഫ്എസ് കേന്ദ്രം ജൂലൈ 1 മുതൽ പ്രവർത്തന സജ്ജമാകുമെന്ന പ്രചാരണം ശരിയല്ലെന്നും പുതിയ കേന്ദ്രത്തിനായുള്ള ക്രമീകരണങ്ങൾ നടക്കുന്നു എന്ന നിഗമനം മാത്രമാണ് ഇപ്പോഴുള്ളതെന്നും ട്രാവൽ ഏജൻസികൾ വിശദീകരിക്കുന്നു. എങ്കിലും വൈകാതെ തന്നെ കോഴിക്കോട് കേന്ദ്രീകരിച്ച് വിഎഫ്എസ് കേന്ദ്രം വരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. അതേ സമയം നിലവിൽ കൊച്ചിയിൽ അപ്പോയിൻ്റ്മെൻ്റ് എടുത്തവും, അടുത്ത ദിവസങ്ങളിലേക്ക് അപ്പോയിൻ്റ്മെൻ്റിന് വേണ്ടി ശ്രമിക്കുന്നവരും അത് റദ്ദാക്കി കോഴിക്കോടിന് വേണ്ടി കാത്തിരിക്കരുത് എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. കാരണം കോഴിക്കോട് കേന്ദ്രം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വെബ് സൈറ്റിൽ കാണുന്ന മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ഇന്ത്യക്കാരായ 23 ലക്ഷം പ്രാവാസികളാണ് സൌദിയിലുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്. അതിൽ നല്ലൊരു ശതമാനവും മലബാറിൽ നിന്നുള്ളവരും. എന്നിട്ടും കേരളത്തിൽ വിഎഫ്എസ് കേന്ദ്രം ഉള്ളത് കൊച്ചിയിൽ മാത്രമാണ്. അപേക്ഷകര്‍ വിഎഫ്എസ് കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാളം നൽകണമെന്നാണ് പുതിയ ചട്ടം. എന്നാൽ കൊച്ചിയിലെ  തിരക്ക് കാരണം ഇവിടെ അപ്പോയിൻ്റ് മെൻ്റ് ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഈയിടെയാണ് സൌദിയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള മറ്റു വിസകൾ സ്റ്റാമ്പ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന് വ്യവസ്ഥ നിലവിൽ വന്നത്.  പ്രവാസികളേയും കുടുംബങ്ങളേയും ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പുതിയ ചട്ടം. കോഴിക്കോട് പുതിയ കേന്ദ്രം വരുന്നതോടെ പ്രതിസന്ധിക്ക് വലിയ അയവ് വരുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബലിപെരുന്നാളിന് ജിദ്ദയിൽ നിന്നും പ്രത്യേക ടൂർ പാക്കേജ്, ഫാമിലികൾക്കും സൗകര്യം.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!