നിഖിലിൻ്റെ ഫോൺ ഓഫ്, സിപിഎം നേതാവ് കസ്റ്റഡിയില്‍; നിഖിൽ തോമസിനായി ഇടപെട്ടിട്ടില്ലെന്ന് സിപിഎം നേതാവ് ബാബുജാന്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയെ കബളിപ്പിച്ചെന്ന കേസിൽ പൊലീസ് തിരയുന്ന എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും.‌

നിഖിലിനെ കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണസംഘം. നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിഖിലിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിഖിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ സംശയം.

നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിക്കുന്നത് തിരുവനന്തപുരത്താണ്. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖില്‍ ഒളിവില്‍ പോയിരുന്നു. എംഎസ്എം കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്.

 

സിപിഎം നേതാവ് ബാബുജാൻ, നിഖിൽ

 

അതേ സമയം നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാന്‍. സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനു ശേഷം കൃത്യമായി പ്രതികരിക്കും. നിഖില്‍ തെറ്റ് ചെയ്തെന്ന് വ്യക്തമായല്ലോ എന്നും ബാബുജാന്‍ പറഞ്ഞു. നിഖിലിനുവേണ്ടി ഇടപെട്ടിട്ടില്ലെന്ന് ബാബുജാന്‍ ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു.

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട്, അഡ്മിഷനായി ഇടപെട്ടത് ബാബുജാനാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചു. എംഎസ്എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് അഡ്മിഷൻ നേടാൻ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനെ വഴിവിട്ട് സഹായിച്ചത് ബാബുജാനാണെന്നാണ് ആരോപണം.

ഈ സാഹചര്യത്തിലാണ്, വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്ന ബാബുജാന്റെ നിലപാട്. ‘‘നിഖിൽ തോമസുമായി ബന്ധപ്പെട്ട വിവാദത്തിന്റെ വസ്തുതാപരമായ വിശദീകരണം ഞാൻ നിങ്ങൾക്ക് തരും. ആദ്യം അതിന്റെ വിവരങ്ങൾ ശേഖരിക്കട്ടെ. സർവകലാശാലയിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. അത് ലഭിച്ച ശേഷം വിശദീകരണം നൽകാം. ഇതിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ല. പറയുന്ന കാര്യങ്ങളിൽ വ്യത്യാസം വരുന്നുണ്ട്. അതുകൊണ്ട് കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷം നിങ്ങളെ കണ്ട് സംസാരിക്കാം’’– ബാബുജാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!