ഇറച്ചി കൊണ്ടുവന്ന കവറില്‍ കസ്റ്റംസിന് സംശയം; വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയത് മയക്കുമരുന്ന്

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ യുവാവ് തന്റെ ലഗേജില്‍ കൊണ്ടു വന്ന ഇറച്ചിയുടെ കവറിനുള്ളിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ക്യാപ്‍സൂള്‍ രൂപത്തിലാക്കിയ മയക്കുമരുന്ന് ശേഖരം പരിശോധനയില്‍ കണ്ടെടുക്കുകയും ചെയ്തു.

പ്രാദേശികമായി ശാബു എന്ന് അറിയപ്പെടുന്ന മെറ്റാംഫിറ്റമീനും ഹെറോയിനും കൊക്കെയിനും ക്യാപ്‍സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചിരുന്നു. 242 ഗ്രാം മെറ്റാംഫിറ്റമീനും 647 ഗ്രാം ഹെറോയിനും 1090 ഗ്രാം കൊക്കെയിനും കണ്ടെടുത്തതായി കസ്റ്റംസ് അറിയിച്ചു.

രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്ന കാര്യം കസ്റ്റംസ് ഓര്‍മിപ്പിച്ചു. കള്ളക്കടത്ത് തടയാനും കണ്ടെത്താനുമുള്ള എല്ലാ ആധുനിക ഉപകരണങ്ങളും നിരന്തര പരിശീലനങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ കള്ളക്കടത്തുകാരെ ശരീര ഭാഷയില്‍ നിന്നു പോലും തിരിച്ചറിയാന്‍ സാധിക്കുകയും കള്ളക്കടത്തിന് അവലംബിക്കുന്ന ഏറ്റവും പുതിയ മാര്‍ഗങ്ങള്‍ വരെ കണ്ടെത്തുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!