വൈദ്യുതാഘാതമേറ്റ് ദുബായില്‍ മലയാളി യുവ വനിതാ എൻജിനീയറുടെ മരണം; യഥാർഥത്തിൽ സംഭവിച്ചത് എന്താണ്?

ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തിൽ ഞെട്ടലുളവാക്കി. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. യഥാർഥത്തിൽ എങ്ങനെയാണ് വൈദ്യുതാഘാതമേറ്റതെന്ന് എന്നറിയാനായിരുന്നു, യുഎഇയിലെ മലയാളി സമൂഹത്തിന്റെ ശ്രമം. വിശാഖ് ഗോപിയുടെ സുഹൃത്തും അക്കാഫ് അസോസിയേഷൻ ഭാരവാഹിയായ എ. എസ്. ദീപു അന്ന് സംഭവിച്ച കാര്യങ്ങൾ വിശദമാക്കുന്നു.

ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. വിശാഖ് ഗോപി മക് ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായിരുന്നു. ഇദ്ദേഹവും വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി(6)യുമായി സമയം ചെലവഴിച്ച ശേഷം വൈകിട്ട് ഏഴിന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. ഇതേ സമയം തന്നെ വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി അടുക്കളയിലുമായിരുന്നു.

 

നീതുവും കുടുംബവും

 

വെള്ള ടാപ് തുറന്ന വീട്ടുജോലിക്കാരിയുടെ കൈയിൽ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചയും കേട്ടു. രണ്ടാമതും ഒച്ച കേട്ടതോടെ വീട്ടുജോലിക്കാരി അങ്ങോട്ടോടി. അപ്പോഴേയ്ക്കും വിശാഖും അവിടെയെത്തി. അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതിൽ ക്രിക്കറ്റ് കളിക്കാരനായ വിശാഖ് തന്റെ ബാറ്റ് കൊണ്ട് അടിച്ചു തകർത്തു തുറന്നു. അകത്ത് പ്രവേശിച്ചപ്പോൾ വാട്ടർ ഷവർ കൈയിൽ പിടിച്ച് വീണുകിടക്കുന്ന പ്രിയതമയെയാണ് കണ്ടത്. ബോധമറ്റ് കിടക്കുകയായിരുന്ന നീതുവിന് വിശാഖ് സിപിആർ നൽകിയെങ്കിലും പ്രതികരണമില്ലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും അവർ ഇൗ ലോകത്തോട് വിടപറഞ്ഞിരുന്നു.

കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ളയാളാണ് വിശാഖ്. നീതു ഇവിടെയെത്തിയിട്ട് 10 വർഷമെങ്കിലും ആയിരിക്കാമെന്ന് എ. എസ്. ദീപു പറയുന്നു. വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിഞ്ഞിരുന്ന ഒരു കുടുംബമാണ് ശിഥിലമായത്.

 

 

നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി. വിശാഖും മകൻ നിവിയും മൃതദേഹത്തെ അനുഗമിച്ചു. പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തെക്കുറിച്ച് നിവിയെ അറിയിക്കാതെയായിരുന്നു യാത്ര. എന്നാൽ, വിശാഖിന്റെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലം  ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ എത്തുന്നതിന്  മുൻപ് നിവിക്ക് ഞെട്ടിക്കുന്ന വിവരം കൈമാറി. നിർത്താതെ കരയാൻ മാത്രമേ ആ ബാലന് സാധിച്ചിരുന്നുള്ളൂ. നീതുവിൻ്റെ മൃതദേഹം ഇന്നലെ കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

എന്തായിരുന്നു നീതുവിന്റെ മരണത്തിന് കാരണം? ആരാണ് ഇതിന് കാരണം?

അധികൃതർ അന്വേഷിക്കുന്നു. ആ കാരണമറിയാനാണ് യുഎയിലെ മലയാളി സമൂഹത്തിന്റെ കാത്തിരിപ്പ്.

(കടപ്പാട്: മനോരമ)

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!