പുരാവസ്തു തട്ടിപ്പുകേസ്: ‘സുധാകരനെതിരെ അതിജീവിതയുടെ മൊഴിയില്ല, വിളിപ്പിച്ചത് പോക്‌സോ കേസിലല്ല’; ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പോക്‌സോ കേസില്‍ ആജീവനാന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നവെന്ന വെളിപ്പെടുത്തലിന് പിന്നാലെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്. പോക്‌സോ കേസില്‍ സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന ആരോപണം തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം. 2019 ജൂലൈ 26 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചത്. സുധാകരന്‍ മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. പോക്സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ല.
നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയും കെ. സുധാകരന്‍ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയത്. പോക്‌സോ കേസിലല്ല സുധാകരനെ ചോദ്യംചെയ്യുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം. അത്തരത്തിലൊരു മൊഴി പെണ്‍കുട്ടി നല്‍കിയിരുന്നെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മുഖവിലയ്‌ക്കെടുത്തില്ലെന്നതടക്കമുള്ള നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുമായിരുന്നു.
സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയെ ഉദ്ധരിച്ചായിരുന്നു എം.വി. ഗോവിന്ദന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. 164-ാം വകുപ്പ് പ്രകാരം പരാതിക്കാരി നല്‍കിയ മൊഴി സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള ചോദ്യം ബാക്കിനില്‍ക്കെയാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണു സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണു താൻ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത. ദേശാഭിമാനിയെ വിശ്വസിച്ചാണു ഞാൻ പറയുന്നത്, അത് വസ്തുതയാണ്, പരിശോധിക്കട്ടെ’’– ഇതായിരുന്നു എം.വി.ഗോവിന്ദന്റെ വാക്കുകൾ.
അതേസമയം, തട്ടിപ്പു കേസിലാണ് സുധാകരനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയതിനു പിന്നാലെ വിശദീകരണവുമായി എം.വി.ഗോവിന്ദൻ വീണ്ടും രംഗത്തെത്തി. പെൺകുട്ടിയുടെ മൊഴിയിൽ സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കുമെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് ചോദ്യംചെയ്യലിനു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ഈ കേസിൽ മുൻകൂർ ജാമ്യം തേടി സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273