ഈ വര്‍ഷം 6000ത്തിലേറെ കോടീശ്വരന്മാര്‍ ഇന്ത്യ വിടും; അവര്‍ക്കേറെ പ്രിയപ്പെട്ടത് ഈ രാജ്യങ്ങള്‍

ഈ വര്‍ഷം ആയിരക്കണക്കിന് കോടീശ്വരന്മാര്‍ ഇന്ത്യ വിട്ടു പോകുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലെ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ 6,500 അതിസമ്പന്നര്‍ ഇന്ത്യയില്‍നിന്നു വിദേശത്തേക്കു പോയേക്കാമെന്നാണ് വ്യക്തമാക്കുന്നത്. രാജ്യാന്തരതലത്തിലെ സാമ്പത്തിക, നിക്ഷേപ കുടിയേറ്റ പ്രവണതകളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. അതിസമ്പന്നരില്‍നിന്ന് വിദേശനിക്ഷേപം സംബന്ധിച്ച് ഇവര്‍ക്കു ലഭിച്ചിരിക്കുന്ന അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7,500 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടു പോയത്.

ചൈനയില്‍നിന്നാവും ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുടെ പലായനം ഉണ്ടാകുക. 13,500 അതിസമ്പന്നര്‍ ചൈന വിട്ടു പോകുമെന്നാണു പ്രവചനം. ഇന്ത്യയില്‍നിന്ന് ഇത്രയേറെ സമ്പന്നര്‍ പുറത്തേക്കു പോകുന്നതു വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നും അതിലേറെ സമ്പന്നരെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ ഗവേഷണ വിഭാഗം മേധാവി ആന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു.

അതേസമയം ഇന്ത്യയിലെ വര്‍ധിച്ച നികുതിയും സങ്കീര്‍ണമായ നിയമങ്ങളുമാണ് കോടീശ്വരന്മാരുടെ പലായനത്തിനു കാരണമെന്ന് സാമ്പത്തിക രംഗത്തു പ്രവര്‍ത്തിക്കുന്ന സുനിത സിങ് ദലാല്‍ പറഞ്ഞു. അതിസമ്പന്നരായ ഇന്ത്യന്‍ കുടുംബങ്ങള്‍ ഇഷ്ടതാവളമാക്കുന്നത് ദുബായ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളാണെന്നാണു റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ വീസ പദ്ധതി, അനുകൂലമായ നികുതിസംവിധാനം, മികച്ച വ്യവസായ അന്തരീക്ഷം, സുരക്ഷിതവും ശാന്തവുമായ പരിസ്ഥിതി എന്നിവയാണ് ഈ രാജ്യങ്ങളെ ആകര്‍ഷകമാക്കുന്നത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ കുടിയേറുന്ന രാജ്യം ഓസ്‌ട്രേലിയ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു. 52,00 അതിസമ്പന്നരാകും ഇവിടേയ്ക്ക് എത്തുക. ദുബായിലേക്ക് 4,500 പേര്‍ എത്തും. സിംഗപ്പുര്‍-3,200, യുഎസ്-2,100 എന്നിങ്ങനെയാണ് പ്രവചനം. സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!