ഡ്രൈവര്‍ ഉറങ്ങിപ്പോയി; കാര്‍ റോഡരികിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 38 വയസുകാരന്‍ മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ ഒരു വശത്തേക്ക് തിരിയുകയും അവിടെ നില്‍ക്കുകയായിരുന്ന യുവാവിനെയും നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തെയും ഇടിച്ചിടുകയുമായിരുന്നു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ബുധനാഴ്ച ഷാര്‍ജയിലെ കല്‍ബയിലായിരുന്നു അപകടം. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി, പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഷാര്‍ജ ഈസ്റ്റേണ്‍ റീജ്യന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കേയ് അല്‍ ഹമൂദി പറഞ്ഞു.

കല്‍ബ മുനിസിപ്പാലിറ്റി ജീവനക്കാരനായ യുഎഇ പൗരനാണ് അപകടത്തില്‍ മരിച്ചത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഇയാള്‍ മുനിസിപ്പാലിറ്റിയുടെ വാഹനവുമായി വാദി അല്‍ ഹീലോയില്‍ എത്തുകയും മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ച് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം തന്റെ ജോലി ആരംഭിക്കുകയും ചെയ്‍തു. ഈ സമയം അമിത വേഗതയിലെത്തിയ കാര്‍, മുനിസിപ്പാലിറ്റി വാഹനത്തെ ഇടിക്കുകയും തൊട്ടുപിന്നാലെ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്ഷീണം തോന്നുമ്പോള്‍ ഡ്രൈവര്‍മാര്‍ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് വാഹനം നിര്‍ത്തിയിടുകയാണ് വേണ്ടതെന്നും അത്തരം സാഹചര്യങ്ങളില്‍ ഒരിക്കലും വാഹനം ഓടിക്കരുതെന്നും കേണല്‍ ഡോ. അല്‍ ഹമൂദി പറഞ്ഞു. ക്ഷീണത്തോടെ വാഹനം ഓടിക്കുന്നത് യുഎഇയില്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമാവാറുണ്ട്. സ്വന്തം ക്ഷീണം സ്വയം മനസിലാക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ ഇത് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു. വാഹനം ഓടിക്കന്നതിന് മുമ്പ് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തുകയും വേണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!