‘നിഹാലിൻ്റെ ശരീരമാസകലം മുറിവുകൾ, തുടയിലെ മാംസം കടിച്ചെടുത്ത നിലയില്‍’; വിദേശത്തുള്ള പിതാവ് നാട്ടിലേക്ക് പുറപ്പെട്ടു

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. അതിക്രൂരമായി കുട്ടി ആക്രമിക്കപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള പിതാവ് എത്തുന്ന സമയം അനുസരിച്ചു സംസ്കരിക്കും. എടക്കാട് മണപ്പുറം ജുമാ മസ്ജിദിലാണ് സംസ്കാരം.

ഞായറാഴ്ച വൈകിട്ടാണു തെരുവുനായയുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് തെരുവുനായയുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം മുഴപ്പിലങ്ങാട് നാലുമാസം മുൻപും തെരുവുനായ ആക്രമണം നടന്നിരുന്നു. ഫെബ്രുവരി രണ്ടിനു മൈസൂരു സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണു ഗുരുതര പരുക്കേറ്റത്. വിഷയത്തിൽ കലക്ടർക്കു പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.  എ.ബി.സി. പദ്ധതി നടപ്പായില്ലെന്നും തെരുവുനായ്ക്കൾക്ക് ഷെൽറ്റർ ഹോം ഒരുക്കിയില്ലെന്നും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പറഞ്ഞു.  നിഹാലിന്റെ മരണത്തിനു പിന്നാലെ പടിയൂർ എ.ബി.സി സെന്ററിൽനിന്നുള്ള സംഘം രണ്ടു നായകളെ പിടികൂടി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!