സ്വയം വിവാഹം കഴിച്ച യുവതിയുടെ ഒന്നാം വിവാഹ വാര്‍ഷികാഘോഷം
സ്വയം വിവാഹം ചെയ്തും ഹണിമൂൺ ട്രിപ്പ് പോയും വാർത്തകളിൽ ഇടംപിടിച്ച ഗുജറാത്ത് സ്വദേശി ക്ഷണ ബിന്ദുവിനെ ഓർക്കുന്നുണ്ടോ…. മറക്കാൻ വഴിയില്ല, വഡോദരയിൽ നിന്നുള്ള 24കാരിയായ പെൺുട്ടി പരമ്പരാഗതമായ ചടങ്ങിൽ സ്വയം വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു. സോഷ്യോളജിയിൽ ബിരുദം നേടിയ ക്ഷമ ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ റിക്രൂട്ട്മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ്.
സോളോഗമി എന്ന ആശയം ഇപ്പോഴും പ്രചാരത്തിലില്ലാത്തതിനാൽ ക്ഷമയുടെ തീരുമാനം പലർക്കും ഇന്നും ദഹിച്ചിട്ടില്ല. സ്വയം വിവാഹത്തിനുള്ള ഒരു ബദൽ പദമാണ് സോളോഗാമി അല്ലെങ്കിൽ സ്വയംഭാര്യത്വം. ഇത്തരത്തിലുള്ള വ്യക്തികൾ സന്തോഷകരമായ ജീവിതം നയിക്കുന്നുവെന്നും അവരുടെ സ്വന്തം മൂല്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും ഇതിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു.
ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പങ്കുവെച്ച പോസ്റ്റുകളിൽ ഒന്നിൽ തന്റെ വിവാഹ വാർഷികം ആഘോഷിക്കുന്ന ക്ഷമയെയാണ് കാണാനായത്. കഴിഞ്ഞ വർഷത്തെ ചെറുതും വലുതുമായ എല്ലാ നിമിഷങ്ങളും ക്ഷമ ഒരു ഇൻസ്റ്റഗ്രാം റീലിൽ പങ്കുവെച്ചു. പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. ആളുകൾ നിരവധി അഭിനന്ദന വാക്കുകൾ പങ്കിടുകയും അവളുടെ ഭാവിക്ക് ആശംസകൾ നേരുകയും ചെയ്തു.
ജൂൺ 11നാണ് ക്ഷമ വിവാഹിതയായത്. ഒരു വധുവിനെ പോലെ താൻ അണിഞ്ഞൊരുങ്ങുമെന്നും നെറ്റിയിൽ സിന്ദൂരം ചാർത്തുമെന്നും ക്ഷമ പറഞ്ഞിരുന്നു്. വിവാഹത്തിന് തനിക്ക് മാതാപിതാക്കളുടെ പൂർണ പിന്തുണയും അനുഗ്രഹവും ഉണ്ടെന്നും അവർ തുറന്ന മനസുള്ളവരാണെന്നും ക്ഷമ വ്യക്തമാക്കിയിരുന്നു.