കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു; സംസാര ശേഷിയില്ലാത്ത കുട്ടിക്ക് കരയാൻ സാധിക്കാത്തിനാൽ നായ്ക്കളുടെ ആക്രമണം ആരും അറിഞ്ഞില്ല

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് മുന്നൂറ് മീറ്ററോളം അകലെ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി.

വലിയ മുറിവുകളോടെ ചോര വാർന്ന നിലയിലായിരുന്നു വീട്ടുകാർ കണ്ടെത്തുമ്പോൾ കുട്ടി. ബോധരഹിതനായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായ്ക്കൾ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ നായ്ക്കൾ ആക്രമിക്കുന്നത് ആരും കണ്ടിരുന്നില്ല. സംസാരിക്കാൻ സാധിക്കാത്ത കുട്ടിയായിരുന്നതിനാൽ തന്നെ കരയാനോ ബഹളം വയ്ക്കാനോ കുട്ടിക്ക് സാധിച്ചു കാണില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

കുട്ടി വീടിന്റെ ഗെയ്റ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നായ്ക്കൾ ആക്രമിച്ചത്. കുട്ടി ഗെയ്റ്റ് തുറന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രദേശത്തെ ആളൊഴിഞ്ഞ വീടിന് സമീപം ചപ്പുചവറുകൾക്കിടയിലാണ് കുട്ടി കിടന്നിരുന്നത്. ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ തുടയുടെ ഭാഗമെല്ലാം നായ്ക്കൾ കടിച്ചെടുത്ത നിലയിലായിരുന്നു. നിലവിൽ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

മുഴപ്പിലങ്ങാട് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നത് കാലങ്ങളായി ഉയർന്നു വരുന്ന പരാതിയാണ്. നാട്ടുകാർ നിരവധി തവണ പരാതിയുയർത്തിയിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. നിഹാലിന്റെ മരണത്തെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!