എ.ടി.എമ്മില്‍ പശതേക്കും, കാര്‍ഡ് ഒട്ടിപ്പിടിക്കും, പിന്നെ നാടകം; ഒടുവില്‍ അക്കൗണ്ട് കാലി. നാലംഗസംഘം പിടിയിൽ
നോയിഡയിൽ എ.ടി.എം കാര്‍ഡും പിന് നമ്പറും കൈക്കലാക്കി അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന നാലംഗസംഘം പിടിയില്‍. നോയിഡ സ്വദേശികളായ പവന്, ഗൗരവ് യാദവ്, ആശിഷ് ഷാക്യ, പ്രശാന്ത് തോമര്‍ എന്നിവരെയാണ് നോയിഡ പോലീസ് അറസ്റ്റ് ചെയ്തത്. എ.ടി.എമ്മില്‍ കൃത്രിമത്വം കാണിച്ച് ഉപയോക്താക്കളില്‍നിന്ന് കാര്‍ഡും പിന്‍നമ്പറും കൈക്കലാക്കിയശേഷമാണ് ഇവര്‍ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
എ.ടി.എമ്മില്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടില്‍ ഫെവിക്വിക്ക് പശ തേച്ചുപിടിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഇതിനൊപ്പം ബാങ്കിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായി സംഘാംഗങ്ങളുടെ നമ്പര്‍ എഴുതിയ സ്റ്റിക്കറും എ.ടി.എം. കൗണ്ടറിനുള്ളില്‍ പതിക്കും. തുടര്‍ന്ന് ഏതെങ്കിലും ഉപയോക്താവ് എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനെത്തുകയും കാര്‍ഡ് മെഷീനുള്ളില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ സംഘത്തിലെ ഒരാള്‍ രംഗപ്രവേശം ചെയ്യും. ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി ഇയാള്‍ ഉപയോക്താവിനെ സഹായിക്കാന്‍ ശ്രമിക്കും. കാര്‍ഡ് കിട്ടില്ലെന്നും സഹായത്തിനായി ബാങ്കിനെ ബന്ധപ്പെടാനുമാകും ഇയാള്‍ നല്കുന്ന നിര്‍ദേശം. നേരത്തെ കൗണ്ടറിനുള്ളില്‍ പതിച്ച സ്റ്റിക്കറിലെ നമ്പറില്‍ വിളിച്ച് പരാതി അറിയിക്കാനും നിര്‍ദേശിക്കും.
ബാങ്കിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരാണെന്ന് ധരിച്ച് ഉപയോക്താവ് വിളിക്കുന്നതും തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്ക്കാവും. പ്രശ്നം പരിഹരിക്കണമെങ്കില്‍ മൂന്നുമണിക്കൂറാകുമെന്നാകും ഇയാളുടെ മറുപടി. ഇതിനിടെ എ.ടി.എമ്മില്‍ കുടുങ്ങിയ കാര്‍ഡ് പരാതിക്കാരന്റേതാണെന്ന് ഉറപ്പിക്കാനായി പിന് നമ്പറും ഫോണിലൂടെ ചോദിച്ച് മനസിലാക്കും. ഇതിനുശേഷം ഏറ്റവും അടുത്തുള്ള ബ്രാഞ്ചില്‍നിന്ന് പിന്നീട് കാര്‍ഡ് കൈപ്പറ്റാമെന്നും അറിയിക്കും. ഇതെല്ലാം കേട്ട് ഉപയോക്താവ് കൗണ്ടറില്‍നിന്ന് പുറത്തിറങ്ങുന്നതോടെ നേരത്തെ സ്ഥലത്തെത്തിയ തട്ടിപ്പുസംഘത്തിലെ അംഗം ഉപകരണങ്ങള്‍ ഉപയോഗിച്ച് മെഷീനില്‍നിന്ന് കാര്‍ഡ് പുറത്തെടുത്തിട്ടുണ്ടാകും. ശേഷം നേരത്തെ കൈക്കലാക്കിയ പിന് നമ്പര്‍ ഉപയോഗിച്ച് നഗരത്തിലെ മറ്റൊരു എ.ടി.എം കൗണ്ടറില്‍നിന്ന് പണം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.
ജൂണ്‍ ആറാം തീയതി ഇത്തരത്തില്‍ രണ്ടായിരം രൂപ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചതായി ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് നോയിഡ കേന്ദ്രീകരിച്ച് എ.ടി.എം. തട്ടിപ്പ് നടത്തുന്ന സംഘം പോലീസിന്റെ വലയിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, എ.ടി.എം. കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, നാല് കത്തി, രണ്ട് ഇരുചക്രവാഹനങ്ങള്‍ എന്നിവയും 5,000 രൂപയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുചില സൂചനകളിലൂടെയുമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നോയിഡ അഡീഷണല്‍ ഡി.സി.പി. ശക്തി അവസ്തിയും മാധ്യമങ്ങളോട് പറഞ്ഞു. ഒരുവര്‍ഷമായി നാലംഗസംഘം ഇത്തരത്തില്‍ പണം തട്ടുന്നതായാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്. സുരക്ഷാജീവനക്കാരില്ലാത്തതും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്നതുമായ എ.ടി.എം. കൗണ്ടറുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും അഡീഷണല്‍ ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.
സമാനരീതിയില്‍ പണം നഷ്ടമായ എട്ടുകേസുകള്‍ നേരത്തെ നോയിഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരത്തിലുള്ള മറ്റുസംഘങ്ങള്‍ നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273