പൊക്കമില്ലായ്മയെ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കിയ ‘വലിയ’ മനുഷ്യനെ അറിയാം – വീഡിയോ

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണിക്കവിതയാണ് മുനവറെന്ന മാക് ട്രാവലറുടെ ജീവിതം. ഉയരമൊട്ടുമില്ലെങ്കിലും ഉയരങ്ങള്‍ കീഴടക്കുകയാണ് മുനവറിന്റെ ജീവിതം. മൂന്നടി മൂന്നിഞ്ച് മാത്രമാണ് ഉയരമെങ്കിലും, മുനവര്‍ കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല. 5364 മീറ്റര്‍ ഉയരത്തില്‍ എവറസ്റ്റ് ബേസ് ക്യാംപും ദുര്‍ഘടമായ അന്നപൂര്‍ണ സര്‍ക്യൂട്ടുമൊക്കെ പൂര്‍ത്തിയാക്കി, തലയെടുപ്പോടെ ലോകത്തിന് മുന്നില്‍ നില്‍ക്കുകയാണ് ഈ ഇരുപത്തിനാലുകാരന്‍.

യത്തീം ഖാനയിലെ ബാല്യത്തില്‍ നിന്നാണ് മുനവറിന്റെ യാത്രകൾ തുടങ്ങുന്നത്. അരീക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയാണ് മുനവറിനെ യാത്രകളുടെ ലോകത്തേക്ക് തുറന്ന് വിട്ടത്. ആദ്യ യാത്രയില്‍ സുഹൃത്ത് ഒരുക്കി വച്ചത് സാഹസിക യാത്രയുടെ ആദ്യ ചുവടുകളായിരുന്നു. അതൊരു തുടക്കമായിരുന്നു. മുനവറിന്റെ വലിയ യാത്രകളുടെ ചെറിയ തുടക്കം. യാത്ര ഒരു ലഹരിയായി മാറിയതോടെ മുനവര്‍ ഇന്ത്യയൊട്ടാകെ ചുറ്റിക്കറങ്ങി. സുഹൃത്തുക്കൾക്കൊപ്പം ഇരുപതോളം സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചു. ഏറ്റവും കുറവ് പണം ചെലവഴിച്ചായിരുന്നു മുനവറിന്റെ യാത്രയത്രയും. ലിഫ്റ്റ് ചോദിച്ചും, യാത്രയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കൾ നല്‍കിയ താവളങ്ങളില്‍ അന്തിയുറങ്ങിയുമൊക്കെ മുനീര്‍ ഇന്ത്യയെ അറിഞ്ഞു.

ഈ യാത്രയ്ക്കിടയിലാണ് ഹിമാലയൻ ട്രക്കിങ്ങുകൾ മുനവറിന്റെ മനസില്‍ കയറുന്നത്. ഒരു വിദേശ സഞ്ചാരിയാണ് കേദാര്‍ ഖണ്ഡ ട്രക്കിങ്ങിന് പോകാന്‍ മുനവറിനെ ഉപദേശിച്ചത്. പ്രതീക്ഷിച്ചതിലും അനായാസം കേദാര്‍ ഖണ്ഡ യാത്ര പൂര്‍ത്തിയാക്കിയതോടെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാന്‍ ആത്മവിശ്വാസം വന്നു. കേദാര്‍ ഖണ്ഡ നല്‍കിയ ആത്മവിശ്വാസമാണ് എവറസ്റ്റ് ബേസ് ക്യാംപിലേക്ക് ട്രക്ക് ചെയ്യാന്‍ മുനവറിന് കരുത്തായത്. മുനവറിന് വലിയ ട്രക്കിങ്ങുകൾ സാധിക്കുമോയെന്ന് സംശയിച്ചവര്‍ക്കെല്ലാം രണ്ടോ മൂന്നോ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യം ബോധ്യപ്പെട്ടു. അവരെല്ലാം കരുത്തായി മുനവറിനൊപ്പം മല കയറി

എവറസ്റ്റ് ബേസ് ക്യാംപിനേക്കാൾ കടുപ്പമേറിയതായിരുന്നു അന്നപൂര്‍ണ സര്‍ക്യൂട്ട്. കുത്തനെയുള്ള മലകൾ കയറിയിറങ്ങി വേണം ട്രക്കിങ് പൂര്‍ത്തിയാക്കേണ്ടത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായിരുന്നു അന്നപൂര്‍ണ സര്‍ക്യൂട്ട്. ഹരി കി ദുൻ, ഖാലിയ ടോപ്പ്, വാലി ഓഫ് ഫ്ളവേഴ്സ്, മേഘാലയിലെ ബാംബൂ ട്രക്ക് ഇവയെല്ലാം മുനവര്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് പൂര്‍ത്തിയാക്കി. ഇനി മുനവറിന്റെ ലക്ഷ്യങ്ങളില്‍ ആദ്യമുള്ളത് കിളിമഞ്ചാരോ കൊടുമുടി കയറുകയാണ്. അടുത്ത വര്‍ഷം കിളിമഞ്ചാരോ കയറാമെന്ന കണക്ക് കൂട്ടലിലാണ് മുനവര്‍

പക്ഷേ മുനവര്‍ തന്‍റെ സ്വപ്നലക്ഷ്യമായി മുന്നില്‍ വച്ചിരിക്കുന്നത് കടുത്തൊരു വെല്ലുവിളിയാണ്. തന്നിലെ പര്‍വതാരോഹകനെ സമ്പൂര്‍ണനാക്കുന്ന മലയകയറ്റം. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പര്‍വതാരോഹണം. പാക്കിസ്ഥാനിലെ കെ ടു കൊടുമുടി. അവസരങ്ങളും ആഗ്രഹങ്ങളും ഉണ്ടായിട്ടും യാത്രകൾ പോകാത്തവര്‍ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളാണ് നഷ്ടപ്പെടുത്തുന്നതെന്ന് മുനവര്‍ ഓര്‍മിപ്പിക്കുന്നു. ഉയരമില്ലായ്മയെ ഉയരത്തിലേക്കുള്ള ചവിട്ട് പടികളാക്കി മുനീര്‍ യാത്ര തുടരുകയാണ്. പുതിയ ഉയരങ്ങളിലേക്കും നേട്ടങ്ങളിലേക്കും. യാത്രകൾ അവസാനിക്കുന്നില്ല.

(കടപ്പാട്: ജോയ് ജെയിംസ്, ഏഷ്യാനെറ്റ്)

 

വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!