‘അഫീഫയെ ബലമായി പിടിച്ചുകൊണ്ടുപോയി’: പരാതിയുമായി ലെസ്‌ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിൻ – വീഡിയോ

സ്വവർഗ ദമ്പതികളിൽ ഒരാളെ ബലമായി കൂട്ടിക്കൊണ്ടുപോയതായി പങ്കാളിയുടെ പരാതി. ഒപ്പം താമസിച്ചിരുന്ന കൊണ്ടോട്ടി സ്വദേശിനി അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നു മറ്റൊരു കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിനാണ് പരാതി നൽകിയത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് അഫീഫയെ വീട്ടുകാര്‍ കൊണ്ടുപോയതെന്ന് സുമയ്യ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സുമയ്യ ഹേബിയസ് കോര്‍പ്പസ് ഹർജി സമർപ്പിച്ചു. അഫീഫ നേരിടുന്നത് കടുത്ത ശാരീരിക– മാനസിക പീഡനമാണെന്ന് സുമയ്യ പറഞ്ഞു. ലെസ്ബിയന്‍ ദമ്പതികളായ ആദില–നൂറ വിഷയത്തിന് ശേഷം ഹൈക്കോടതിയില്‍ വന്ന സമാന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൂടിയാണിത്.

ലെസ്ബിയൻ പങ്കാളികളായ അഫീഫയും, സുമയ്യ ഷെറിനും മലപ്പുറം കൊണ്ടോട്ടി സ്വദേശിനികളാണ്. ഈ വർഷം ജനുവരി 5നാണ്  അഫീഫ തന്നോടൊപ്പം ജീവിക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് വനജ കലക്റ്റീവ് എന്ന സംഘടനയ്ക്ക് പരാതി നൽകിയതെന്ന് സുമയ്യ പറയുന്നു. ‘ജനുവരി 27ന് വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിവന്നു. ഞങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ ജനുവരി 29ന് ഇരുവരും മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു.

മേയ് 30നു സൈബർ സെല്ലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി ഞങ്ങളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും എറണാകുളത്തെ ജോലിസ്ഥലത്തു വന്ന് അഫീഫയെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.’ – സുമയ്യ പറഞ്ഞു. അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും സുമയ്യ പറഞ്ഞു. ഇതിനു പിന്നാലെ പുത്തൻകുരിശ്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും എസ്പി, ഡിജിപി തുടങ്ങിയവർക്കും പരാതി നൽകി. ജൂൺ 5ന് സുമയ്യയുടെ ഹേബിയസ് കോർപ്പസ് പരാതി ഹൈക്കോടതി സ്വീകരിച്ചു. ജൂൺ 9നു അഫീഫയെ കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും 19നു ഹാജരാക്കാമെന്ന് അഭിഭാഷകൻ അറിയിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാൽ അഫീഫയുടെ നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് സുമയ്യ പറഞ്ഞു. അവളുടെ വീട്ടുകൾ ഉൾപ്പെടെ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഫോൺ സ്വിച്ച് ഓഫാണ്. അഫീഫയുടെ ജീവൻ തന്നെ അപകടത്തിലായിട്ടുള്ള സാഹചര്യമാണുള്ളത്. ‘‘കുറച്ചധികം അക്രമാസക്തരായ വീട്ടുകാരാണ് അഫീഫയുടേത്. അവളെ ശാരീരകമായി മുൻപും ഉപദ്രവിച്ചിട്ടുണ്ട്. അന്ന് ഉസ്താദുമാരുടെ അടുത്ത് കൊണ്ട് പോയും, മറ്റ് ചികിത്സകൾ നടത്തിയും അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്റെ വീട്ടിൽ പോയും അവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാൻ കോടതി അംഗീകരിച്ചതാണ്. എന്നോടൊപ്പം ജീവിക്കണമെന്ന് പറഞ്ഞ് അവളാണ് ആദ്യം പരാതി നൽകിയത്. എന്നാൽ അവളുടെ മനസ്സു മാറ്റാമെന്ന് വിചാരിച്ചാണ് 19 വരെ കോടതിയിൽ സമയം ചോദിച്ചത്.’’– സുമയ്യ പറഞ്ഞു.

സുമയ്യ് പറയുന്നു.. ‘മുസ്ലിം സമുദായത്തിന് ഇത് അംഗീകരിക്കാൻ കഴിയാത്തതാണ്. അതിനാൽ എൻ്റെ വീട്ടുകാരും ഇത് അംഗീകരിച്ചിട്ടില്ല. എങ്കിലും ഇത് വരെ വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. എന്നെ പിടിച്ച് കൊണ്ടുപോകാനും ഇത് വരെ ശ്രമിച്ചിട്ടൊന്നും ഇല്ല. എങ്കിലും ഇപ്പോൾ മീഡിയയിലെല്ലാം വന്നതിനാൽ ഇനി എന്താകും എന്ന് ആശങ്കയുണ്ട്. എങ്കിലും നിയമപരമായി തന്നെ മുന്നോട്ട് പോകും. അഫീഫയെ നേരിട്ട് കാണണം. കണ്ട് പരസ്പരം സംസാരിച്ച ശേഷം ഭാവി കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കും. ഇപ്പോൾ കോടതയിൽ നിന്നും 19ാം തിയതി വരെ അഫീഫയുടെ വീട്ടുകാർ സമയം ചോദിച്ചിരിക്കുന്നു. ഈ സമയത്തിനിടക്ക് അവളെ ചികിത്സിച്ചും മരുന്ന് നൽകിയും മാറ്റിയെടുക്കാൻ അവർ ശ്രമിക്കുമെന്നാണ് മനസ്സിലാകുന്നത്.

കഴിഞ്ഞ വർഷം നടന്ന ആദില-നൂറ ലെസ്ബിയൻ കേസിന് സമാനമായ കേസാണിത്.

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പഠനകാലത്താണ്  ആദിലയും നൂറയും അടുപ്പത്തിലായത്. ആദ്യ കാലത്തൊക്കെ പെണ്കുട്ടികൾ തമ്മിലുള്ള ആത്മബന്ധം എന്ന് മാത്രമേ വീട്ടുകാരും അധ്യാപകരും കരുതിയിരുന്നുള്ളൂ. പിന്നീട് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്.

സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു. ഇരുവർക്കും അനുകൂലമായും പ്രതികൂലമായും സമുഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും നിരവധി ചർച്ചകളും നടന്നു.

നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ കുടുംബം സൗദിയിലേക്ക് കൊണ്ടുപോയി. പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലായിരുന്നു നൂറ. ഇരുവർക്കും വീട്ടുകാർ നിരവധി വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും ഇരുവരും സഹകരിച്ചില്ല.

 

 

 

നൂറയെ സൌദിയിലേക്ക് കൊണ്ടുപോയതിന് ശേഷം പിന്നീട് മാസങ്ങളോളം ഒരു വിവരവും നൂറയെക്കുറിച്ച് ലഭിക്കാതായതോടെ ആദില ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയെ സമീപിച്ചു. ദിവസങ്ങളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നൂറയെ കുടുംബം കോടതിയിൽ ഹാജരാക്കി. തുടർന്ന് ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടെയും താത്പര്യപ്രകാരത്തെ അനുകൂലിച്ച് വിധി പുറപ്പെടുവിച്ച കേരള ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 31-ന് വിഷയം തീർപ്പാക്കി.

പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു താമസിക്കാൻ നിയമപരമായി തടസ്സമില്ലെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നൂറയെ ആദില നസ്രീനൊപ്പം കോടതി വിട്ടയച്ചത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിച്ചുവരികയായിരുന്നു.

ഈ സംഭവത്തിന് സമാനമായ രീതിയിലാണ് ഇപ്പോൾ കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിനും പങ്കാളിയായ അഫീഫയെ കാണാനില്ലെന്ന് ഹൈകോടതിയിൽ പരാതി നൽകിയത്.

 

ആദില-നൂറ ദമ്പതികൾ പുറത്ത് വിട്ട വിവാഹ വീഡിയോ കാണാം…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share

One thought on “‘അഫീഫയെ ബലമായി പിടിച്ചുകൊണ്ടുപോയി’: പരാതിയുമായി ലെസ്‌ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിൻ – വീഡിയോ

Comments are closed.

error: Content is protected !!