കോടികളും പഴയ ക്ലബും വേണ്ട, മെസ്സി യുഎസിലേക്കു പോയത് വെറുതെയല്ല; ലക്ഷ്യങ്ങൾ പലതുണ്ട്!

16 വർഷം മുൻപ് ഇംഗ്ലിഷ് ഫുട്ബോളർ ഡേവിഡ് ബെക്കാം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്ന് യുഎസ് മേജർ സോക്കർ ലീഗ് (എംഎൽഎസ്) ക്ലബ് ലൊസാ‍ഞ്ചലസ് ഗ്യാലക്സിയിലേക്കു മാറിയതിൽ ഇപ്പോഴും ഞെട്ടൽ വിട്ടുമാറാത്ത ആരാധകരുണ്ട്! കരിയറിന്റെ സുവർണശോഭ മായും മുൻപേ, പ്രശസ്തിയുടെ വെള്ളിവെളിച്ചവുമായി ബെക്കാം കയറിച്ചെന്ന എംഎൽഎസ് ഇതാ മറ്റൊരു സൂപ്പർതാരത്തിനു വേണ്ടിയും ചുവപ്പു പരവതാനി വിരിക്കുന്നു.

2007ൽ ഡേവിഡ് ബെക്കാം യുഎസിലെത്തിയ അതേ വഴിയിലൂടെയാണ് ലയണൽ മെസ്സിയും വരുന്നത്. എംഎൽഎസിന്റെ 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ എന്നാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു ശേഷം തന്റെ മുൻ ക്ലബ് ബാർസിലോനയും സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലും വേണ്ട, പകരം എംഎൽഎസ് ക്ലബ് ഇന്റർ മയാമി മതിയെന്നു ലയണൽ മെസ്സി തീരുമാനിക്കാൻ പല കാരണങ്ങളുമുണ്ട്.

കരിയർ, ഭാവി 

2007ൽ ലൊസാഞ്ചലസ് ഗ്യാലക്സിയിലെത്തിയ ഡേവിഡ് ബെക്കാം 5 വർഷം കൊണ്ടു നേടിയത് 25.5 കോടി ഡോളർ. ഇതിൽ 2.5 കോടി ഡോളർ മുടക്കിയാണ് ബെക്കാം ഇന്റർ മയാമി ക്ലബ്ബിന്റെ ഉടമകളിലൊരാളായത്. ലയണൽ മെസ്സി വരികയാണെന്നു പ്രഖ്യാപിച്ചതോടെ ക്ലബ്ബിന്റെ മൂല്യം 100 കോടി ഡോളറായി വർധിച്ചു! ഈ സാമ്പത്തിക ശാസ്ത്രം തന്നെയാണ് ലയണൽ മെസ്സിയെയും യുഎസിലേക്കു വഴി നടത്തിയത്. ബെക്കാമിന്റെ മാതൃകയിൽ ലാഭവിഹിതം പങ്കുവയ്ക്കാമെന്ന ധാരണയാണ് മെസ്സിയുമായും എംഎൽഎസ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ലീഗിന്റെ സംപ്രേക്ഷകരായ ആപ്പിൾ പ്ലസ്, ജഴ്സി നിർമാതാക്കളായ അഡിഡാസ് എന്നിവർ ലാഭവിഹിതത്തിൽ നിശ്ചിത പങ്ക് മെസ്സിക്കു നൽകും. കൂടാതെ മയാമി ക്ലബ്ബിലും മെസ്സിക്ക് ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിശ്രമജീവിതം 

മയാമിയിൽ മെസ്സിക്കു സ്വന്തമായി വീടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനയിലും സ്പെയിനിലും വീടുകളുള്ള മെസ്സിക്ക് വിശ്രമജീവിതം യുഎസിലേക്കു മാറ്റാൻ താൽപര്യമുണ്ടെന്നു മുൻപേ സൂചനകളുണ്ടായിരുന്നു. എംഎൽഎസിലേക്കു വരാൻ താൻ തയാറാണെന്ന് മെസ്സി 2018ൽ തന്നെ ഡേവിഡ് ബെക്കാമിനോടു പറഞ്ഞിരുന്നത്രേ.

ബാർസ, സമ്മർദം 

13–ാം വയസ്സിൽ ബാ‍ർസിലോനയിലെത്തിയ ലയണൽ മെസ്സിക്ക് വീണ്ടുമൊരിക്കൽക്കൂടി അതേ ഉത്സാഹത്തോടെ നൂകാംപിലേക്കു പോകാൻ കഴിയില്ല. ബാർസ ഈ സീസണിൽ ലാ ലിഗ കിരീടം നേടി. അടുത്ത സീസണിൽ കിരീടം തിരിച്ചുപിടിക്കാൻ റയൽ മഡ്രിഡ് നടത്തുന്ന കോപ്പുകൂട്ടൽ മെസ്സിക്കാണു തിരിച്ചടിയായത്.

ബാ‍ർസിലോന മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയാൽ റയലിനോടു പൊരുതിനിൽക്കേണ്ടതിന്റെ മുഴുവൻ ഉത്തരവാദിത്തവും മുപ്പത്തിയഞ്ചുകാരൻ മെസ്സിയുടെ ചുമലിലാകും.   യുവതാരങ്ങളുടെ പുതിയ ടീമിനെ ഒരുക്കുകയാണു റയൽ. സൗദി  ലീഗിലേക്കു പോയാലും ഇതേ സമ്മർദം മെസ്സിക്കൊപ്പമുണ്ടാകും. ഇനി ടെൻഷനടിച്ചു കളിക്കേണ്ടെന്നു മെസ്സി തീരുമാനിച്ചതും ക്ലബ് മാറ്റത്തിൽ നിർണായകമായി.

 

 

 

മെസ്സിക്ക് ആശംസകൾ നേർന്ന് ബാർസിലോന

മഡ്രിഡ് ∙ ഇന്റർ മയാമിയിൽ ചേരാൻ തീരുമാനിച്ച ലയണൽ മെസ്സിക്ക് മുൻ ക്ലബ്ബായ ബാർസിലോന ആശംസ നേർന്നു. യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോൾ സമ്മർദം വളരെക്കുറവുള്ള യുഎസ് ലീഗിലേക്കു പോകാൻ മെസ്സി തീരുമാനിച്ചതിനെ ക്ലബ് പ്രസിഡന്റ് ജോൻ ലാപോർട്ട സ്വാഗതം ചെയ്തു. ബാർസയിലേക്കുള്ള മെസ്സിയുടെ മടങ്ങിവരവിനെക്കുറിച്ചു പിതാവ് ഹോർഹെ മെസ്സിയും ലാപോർട്ടയും നേരത്തേ ചർച്ച നടത്തിയിരുന്നു.

ഇനിയൊന്ന് വിശ്രമിക്കട്ടെ: മെസ്സി

ലൊസാഞ്ചലസ് ∙ ഒടുവിൽ ആ തീരുമാനമെടുത്തു. ഞാൻ മയാമിയിലേക്കു പോവുകയാണ്. – സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടീവോയുമായുള്ള അഭിമുഖത്തിൽ കായികലോകത്തോട് ഒന്നടങ്കം മെസ്സി പറഞ്ഞു. ‘കരാർ ഇപ്പോഴും 100% ആയിട്ടില്ല. എങ്കിലും മുന്നോട്ടുപോകാനാണ് തീരുമാനം. ബാർസിലോന ക്ലബ്ബിലേക്കുള്ള മാറ്റം യാഥാർഥ്യമായില്ലെങ്കിൽ യൂറോപ്പ് വിടാനായിരുന്നു എന്റെ തീരുമാനം. പ്രശസ്തിയുടെ നടുവിൽ നിന്ന് കുടുംബത്തിനൊപ്പം മാറിനിൽക്കാനാണ് എനിക്കിനി താൽപര്യം. ലോകകപ്പ് നേടിക്കഴിഞ്ഞ ശേഷം ഇനി ബാർസയിലേക്ക് ഒരു മടക്കമില്ലെങ്കിൽ പിന്നെ യുഎസിലേക്കു പോവുക തന്നെയാണ് ഉത്തമം എന്നു ഞാൻ കരുതുന്നു. അവിടെ വ്യത്യസ്തമായ രീതിയി‍ൽ അനുദിനം ഫുട്ബോൾ ആസ്വദിക്കാൻ കഴിയണം. എല്ലാ മത്സരവും ജയിക്കണമെന്നാണ് ആഗ്രഹം.

എങ്കിലും കൂടുതൽ മനശ്ശാന്തിയോടെ അതു നേടാനുള്ള വഴിയാണിത്. പ്രതിഫലത്തിന്റെ പേരിലല്ല ബാർസിലോന കരാർ യാഥാർഥ്യമാകാതിരുന്നത്. മറ്റു കളിക്കാരുടെ വേതനം കുറയ്ക്കുന്നതു പോലുള്ള കാര്യങ്ങൾ എനിക്ക് അംഗീകരിക്കാനാവില്ല’ – മെസ്സി അഭിമുഖത്തിൽ പറഞ്ഞു.

മെസ്സി വരും മുൻപേ ടിക്കറ്റ് വിറ്റുതീർന്നു 

യുഎസ് മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ ഈ സീസണിലെ‍ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. ഇനി 19 മത്സരങ്ങൾ കൂടിയാണ് ഈ സീസണിൽ ബാക്കിയുള്ളത്. മെസ്സിക്കു ജൂൺ 30 വരെ പിഎസ്ജിയുമായി കരാറുണ്ട്. അതിനു ശേഷമാണ് മയാമിയിലേക്കു വരിക. മെസ്സി എന്നു മുതൽ യുഎസ് ലീഗിൽ കളിച്ചു തുടങ്ങുമെന്നു വ്യക്തമായിട്ടില്ല. 15 ടീമുകളുള്ള ലീഗിൽ നിലവിൽ അവസാന സ്ഥാനത്താണ് ഇന്റർ മയാമി. 16 മത്സരങ്ങളിൽ 11 കളികളും തോറ്റു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!