പ്രവാസികൾക്ക് ഇനി നാട്ടിലേക്ക് പോകാൻ പിഴകൾ ഉൾപ്പെടെയുള്ള മുഴുവൻ കുടിശ്ശികയും അടച്ച് തീർക്കണം

ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികളെ സര്‍ക്കാറിലേക്ക് അടയ്ക്കാനുള്ള പണം അടച്ചുതീര്‍ക്കാതെ രാജ്യം വിടാന്‍ അനുവദിക്കില്ല. ജോലി മതിയാക്കി നാട്ടില്‍ പോകുന്നവര്‍ക്കും അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്കും ഒരുപോലെ ബാധകമാവുന്ന പുതിയ പരിഷ്‍കാരത്തിന് കഴിഞ്ഞ ദിവസം ക്യാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് ഏകകണ്ഠമായി അംഗീകാരം നല്‍കി. നാട്ടില്‍ പോകണമെങ്കില്‍ മുനിസിപ്പല്‍ പേയ്‍മെന്റുകളുടെ കുടിശിക തീര്‍ത്തിരിക്കണമെന്ന തരത്തിലായിരുന്നു ആദ്യം മുന്നോട്ടുവെച്ച ശുപാര്‍ശ എങ്കിലും പുതിയ പരിഷ്‍കാരത്തോടെ ഇത് ലേബര്‍ ഫീസ്, യൂട്ടിലിറ്റി ബില്ലുകള്‍, ഫൈനുകള്‍, മറ്റ് സാമ്പത്തിക ബാധ്യതകള്‍ എന്നിവയ്ക്കെല്ലാം ബാധകമാവും.

ബഹ്റൈനിലെ പ്രവാസികളില്‍ നിന്ന് വിവിധ ഇനങ്ങളില്‍ സര്‍ക്കാറിന് കിട്ടേണ്ട കുടിശിക കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 41 ലക്ഷം ദിനാര്‍ കവിഞ്ഞുവെന്നാണ് കണക്ക്. ഈ സാഹചര്യത്തിലാണ് കുടിശികകള്‍ തീര്‍ക്കാതെ പ്രവാസികളെ രാജ്യം വിടാന്‍ അനുവദിക്കാത്ത തരത്തിലുള്ള ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. സ്വദേശികളെയും ക്രമേണ ഇത്തരം നിബന്ധനകളുടെ കീഴില്‍ കൊണ്ടുവരാനും പദ്ധതിയുണ്ട്. നിലവില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തെര‍ഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ മാത്രമാണ് സ്വദേശികളും സര്‍ക്കാറിലേക്കുള്ള ബാധ്യതകള്‍ തീര്‍ക്കേണ്ടത്.

പ്രവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ സര്‍ക്കാറിലേക്ക് ഫീസുകളായും ഫൈനുകളായും ബില്‍ തുകകളായും പണം അടയ്ക്കാന്‍ കുടിശിക ഉണ്ടായിരിക്കെ രാജ്യം വിടാന്‍ പാടില്ലെന്നും അധികൃതര്‍ പറഞ്ഞു. നിരവധി പ്രവാസികള്‍ വന്‍തുകയുടെ കുടിശിക അവശേഷിക്കെ നാട്ടിലേക്ക് പോവുകയും പിന്നീട് അവരെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് അറുതി വരുത്താന്‍ ഫലപ്രദവും കാര്യക്ഷമവും പഴുതുകളില്ലാത്തതുമായ ഒരു സംവിധാനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ഒരു തരത്തിലുമുള്ള അന്താരാഷ്ട്ര കരാറുകള്‍ക്ക് വിരുദ്ധമാവില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറിയ തുകകളുടെ കുടിശികയുടെ പേരില്‍ രാജ്യം വിടാനാവാതെ പ്രവാസികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സമാനമായ തരത്തിലൊരു സംവിധാനം സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വേണ്ടി നടപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കുടിശിക വരുത്തിക്കൊണ്ട് രാജ്യം വിടാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്ന ഓണ്‍ലൈന്‍ കരാറില്‍ പ്രവാസികള്‍ ഒപ്പുവെയ്ക്കേണ്ടി വരും. സ്‍മാര്‍ട്ട് കാര്‍ഡുകളും താമസ രേഖകളും പുതുക്കുന്നതിനും ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ കൊണ്ടുവരും. കുടിശികയുള്ള തുക പ്രത്യേക കൗണ്ടറുകളിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ അടയ്ക്കാന്‍ സംവിധാനം ഒരുക്കും. ഇതോടൊപ്പം നാട്ടിലേക്ക് പോയി മടങ്ങിവരുന്ന പ്രവാസികള്‍ക്ക് അവരുടെ സ്‍പോണ്‍സര്‍ ബാധ്യതകള്‍ ഏറ്റെടുക്കുമെങ്കില്‍ യാത്രാ വിലക്ക് ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!