ഓണ്‍ലൈന്‍ ഗെയിം നിര്‍ദേശിച്ചു; ഇന്‍റര്‍നെറ്റില്‍ ലൈവ് ഇട്ട് പതിനേഴുകാരന്‍റെ ആത്മഹത്യ
നെടുങ്കണ്ടം ∙ വണ്ടൻമെട്ടിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വിദ്യാർഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അഞ്ജാതസംഘത്തിന്റെ നിർദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണു പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതിനുശേഷം വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും വിദ്യാർഥി ഉപയോഗിച്ച ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ലാപ്ടോപ്പിന്റെ നിയന്ത്രണം അജ്ഞാതസംഘം ഏറ്റെടുത്തതായും അവരുടെ നിർദേശമനുസരിച്ചാണു വിദ്യാർഥി ഏതാനും കാലമായി ജീവിച്ചിരുന്നതെന്നും മനസ്സിലാക്കിയത്.
അടുത്തയിടെയായി വിദ്യാർഥി ജീവിതശൈലിയിൽ മാറ്റം വരുത്തിയിരുന്നതായി പൊലീസ് പറയുന്നു. കിടപ്പുമുറിക്കുള്ളിൽ പല വർണങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് നിറം മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചെടുത്തു. അഞ്ജാതസംഘം ഓൺലൈനായി നൽകിയ ടാസ്കുകൾ പൂർത്തിയാക്കിയ ശേഷമാണു വിദ്യാർഥി ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു.