അപരിചിതമായ ഭാഷ, ഭക്ഷണമില്ല, നിലത്ത് ഉറക്കം; എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യയിലിറക്കിയ എയർ ഇന്ത്യ യാത്രികർക്ക് ദുരിതം

അപരിചിതമായ ഭാഷ, ഇതുവരെ കഴിച്ചിട്ടില്ലാത്ത ഭക്ഷണം, തീർത്തും മോശമായ താമസ സൗകര്യങ്ങൾ… ഡൽഹിയിൽനിന്ന് യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രാമധ്യേ എൻജിൻ തകരാർ മൂലം റഷ്യയിലെ മഗദാൻ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ നേരിടുന്ന ദുരിതമാണിത്. ഇന്നലെ വൈകിട്ട് റഷ്യയിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാർ, ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്. ഇവർക്കായി എയർ ഇന്ത്യ സജ്ജീകരിച്ച വിമാനം ഇതുവരെ അവിടെ എത്തിയിട്ടുമില്ല.

എൻജിൻ തകരാറിനെ തുടർന്ന് എമർജൻസി ലാൻഡിങ് നടത്തിയെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അവർക്ക് അറിയില്ലെന്ന് വിമാനത്തിലെ യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാഷയാണ് പ്രധാന പ്രശ്നം. വിമാനത്താവള അധികൃതരുമായോ ജീവനക്കാരുമായോ സംസാരിക്കാൻ ഭാഷ തടസമാണ്. എപ്പോഴാണ് ഇവിടെനിന്ന് പോകാനാകുക എന്ന കാര്യത്തിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.

‘‘230ലധികം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. അക്കൂട്ടത്തിൽ കുട്ടികളും പ്രായമായവരും ഒട്ടേറെയുണ്ട്. ഞങ്ങളുടെ ബാഗുകളെല്ലാം ഇപ്പോഴും വിമാനത്തിനുള്ളിലാണ്. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഞങ്ങളെ ബസുകളിൽ കയറ്റി പല സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. ചിലരെ ഒരു സ്കൂളിലാണ് താമസിപ്പിച്ചിരിക്കുന്നത്. നിലത്ത് പായ വിരിച്ചാണ് അവർ ഉറങ്ങിയത്.’ – ഗഗൻ എന്ന യാത്രക്കാരനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

 

 

 

‘‘ശുചിമുറി സൗകര്യങ്ങൾ തീരെ മോശമാണ്. ഭാഷയാണ് പ്രധാന പ്രശ്നം. ഇവിടെനിന്ന് നമുക്കു തന്ന ഭക്ഷണവും ഇതുവരെ കഴിച്ചിട്ടില്ലാത്തതാണ്. അതുകൊണ്ട് കഴിക്കാൻ ബുദ്ധിമുട്ടാണ്. സീഫുഡും മത്സ്യവിഭങ്ങളുമാണ് പ്രധാനം. ചിലർ ബ്രഡും സൂപ്പും മാത്രമാണ് കഴിച്ചത്. പ്രായമായവരിൽ മിക്കവരും സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ്. അവരുടെ കയ്യിലെ മരുന്നും തീർന്ന അവസ്ഥയാണ്.’

‘‘ഇത്തരം ബുദ്ധിമുട്ടുകളുണ്ടെങ്കിലും റഷ്യൻ അധികൃതർ വളരെ മാന്യമായിട്ടാണ് ഇടപെടുന്നത്. ഞങ്ങൾക്ക് ഒരു കോളജുമായി ബന്ധപ്പെട്ടാണ് താമസം ഒരുക്കിയത്. അതു ഭാഗ്യമായി. ഒരു മണിക്കൂർ മുൻപ് ഞങ്ങൾക്ക് വൈഫൈ കണക്ഷനും ലഭിച്ചു. അതുകൊണ്ട് എല്ലാവർക്കും വീട്ടുകാരെ ബന്ധപ്പെടാനായി. പക്ഷേ ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലർക്ക് സ്കൂളിലാണ് താമസ സൗകര്യം ഒരുക്കിയത്. അവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ക്ലാസിലെ ബെഞ്ചുകൾ മാറ്റി നിലത്താണ് അവർ കിടക്കുന്നത്. ഒരു മുറിയിൽ 20 പേർ വരെയുണ്ട്. അവർക്ക് ഭക്ഷണവും കൃത്യസമയത്ത് ലഭിക്കുന്നില്ല.’

‘വിമാനത്തിൽ എന്റെ അടുത്ത് ഇരുന്നിരുന്നത് 88 വയസുള്ള ഒരാളാണ്. അദ്ദേഹം ഇപ്പോൾ എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ അറിയില്ല. രണ്ടു കുട്ടികളുമായി ഒരു സ്ത്രീയുണ്ടായിരുന്നു. ഞങ്ങൾക്ക് ഇവിടെ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. ഇന്ന് പകരം വിമാനമെത്തി ഞങ്ങളെ കൊണ്ടുപോകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്’ – ഗഗൻ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!