എൻ്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാന്‍ പാടിയത്; ഇത് വ്യാജ പ്രചാരണം’; ആതിരക്കെതിരെ തെരുവ് ഗായിക

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് തെരുവ് ഗായിക ഫൗസിയ. മലപ്പുറം എടക്കരയിൽ  തെരുവോരത്ത് ഫൗസിയ പാട്ട് പാടവെ ആതിരയെന്ന പത്താം ക്ലാസ് വിദ്യാർഥിനി മൈക്ക് വാങ്ങി പാടിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് ആതിരയ്ക്ക് അഭിനന്ദനങ്ങളുമായെത്തിയത്. വാടകവീട്ടിൽ കഴിയുന്ന ആതിരയ്ക്കും കുടുംബത്തിനും വീട് വച്ചു നൽകുമെന്ന വാഗ്ദാനവുമായി സ്കൂൾ അധികൃതരും രംഗത്തെത്തി. എന്നാൽ തന്നെ സഹായിക്കാൻ വേണ്ടി ആതിര മൈക്ക് വാങ്ങി പാടിയതല്ലെന്നും അവസരം ചോദിച്ചു വന്നതാണെന്നും ഫൗസിയ പറയുന്നു. ആതിരയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പലരും തന്നെ മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നതെന്നും താൻ കിടപ്പുരോഗിയല്ലെന്നും മലപ്പുറത്ത് പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഫൗസിയ പറഞ്ഞു.

‘തെരുവിൽ പാട്ട് പാടിയാണ് ‍ഞാനും എന്റെ കുഞ്ഞും ജീവിക്കുന്നത്. ഞങ്ങൾ പാട്ടുവണ്ടിയുമായി പോത്തുകല്ല് അങ്ങാടിയിൽ പോയപ്പോൾ ആതിര എന്ന പെൺകുട്ടി വന്ന് അവസരം ചോദിച്ച് പാട്ട് പാടുകയും അതിന്റെ ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തു. സാധാരണയായി പലരും അത്തരത്തിൽ അവസരങ്ങൾ ചോദിക്കാറുണ്ട്. അങ്ങനെയാണ് ആ കുട്ടിയും പാടിയത്. എന്നാൽ എന്നെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് വിഡിയോ പലരും ഷെയർ ചെയ്യുന്നത്. ഞാൻ ചികിത്സാ സഹായം തേടിയാണ് പാടിയതെന്നും പാടിത്തളർന്നപ്പോൾ ആതിര വന്ന് സഹായിക്കുകയായിരുന്നുവെന്നും വാര്‍ത്ത പ്രചരിക്കുന്നു.

ഞാൻ എന്താണെന്നോ എന്റെ കുടുംബ പശ്ചാത്തലം എന്താണെന്നോ ആരും അന്വേഷിച്ചില്ല. ജീവിതമാര്‍ഗമായിട്ടാണ് ഞാൻ പാട്ടു പാടുന്നതെന്നല്ലാതെ മറ്റൊന്നും മൈക്കിലൂടെ പറയാറില്ല. ആ കുട്ടി വൈറലാകാൻ വേണ്ടി ചിലർ എന്നെ ഇരയാക്കിയതാണ്. എന്റെ ഭർത്താവ് അന്ധനാണെന്നും ഞാൻ കിടപ്പുരോഗിയാണെന്നും കൈക്കുഞ്ഞുമായാണ് തെരുവിൽ പാട്ട് പാടുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞാൻ ഒരു വലിയ രോഗിയാണെന്ന് അവർ ചിത്രീകരിക്കുന്നു. എന്നാൽ അതെല്ലാം വാസ്തവ വിരുദ്ധമാണ്. എന്റെ ഭർത്താവിനു കണ്ണ് കാണാം. കു‍ഞ്ഞിന് 4 വയസ്സുണ്ട്. ഞാൻ കിടപ്പു രോഗിയല്ല.

ചില ഓൺലൈൻ മാധ്യമങ്ങൾ ആതിരയെക്കൊണ്ട് തെറ്റായ കാര്യങ്ങൾ പറയിപ്പിക്കുകയാണ്. ആതിര വൈറലായതിന്റെ പേരിൽ എനിക്കൊരു സഹായവും കിട്ടിയിട്ടില്ല. വിഡിയോ പ്രചരിച്ചതോടെ ആ കുട്ടിയെ മറ്റുള്ളവർ സഹായിക്കുന്നതിൽ എനിക്കൊരു പരാതിയുമില്ല. പക്ഷേ എന്നെക്കുറിച്ചു മോശമായി വാർത്ത പ്രചരിപ്പിക്കുന്നതിൽ പരാതിയുണ്ട്. എന്റെ അവസ്ഥ പറഞ്ഞു പരത്തുന്നത് എനിക്കിഷ്ടമല്ല. അത് തിരുത്തണമെന്നും ആതിരയെക്കൊണ്ടു മാറ്റിപ്പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ ചില മാധ്യമങ്ങൾ എന്നെ ഭീഷണിപ്പെടുത്തി’, ഫൗസിയ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!