വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല; കണ്ണൂരിൻ്റെ ചിറകരിയുന്നോ? യാത്രക്കാര്‍ കരിപ്പൂരിലേക്ക്

2018 ഡിസംബര്‍ 9 ഉത്തര കേരളത്തിന്റെ വികസന സ്വപ്നങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്ന ദിവസം. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അന്താരാഷ്ട്ര സര്‍വീസില്‍ തുടക്കം, അതേ ദിവസം തന്നെ ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വീസ്. പ്രവര്‍ത്തനം തുടങ്ങി ഒമ്പതുമാസംകൊണ്ട് പ്രതിദിന സര്‍വീസുകളുടെ എണ്ണം 50-ല്‍ എത്തി, ആഴ്ചയില്‍ 65 അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തി. ആദ്യ 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാരുമായി കണ്ണൂര്‍ ചരിത്രം കുറിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ സഞ്ചരിച്ച പത്ത് വിമാനത്താവളങ്ങളില്‍ ഒന്നായി കണ്ണൂര്‍. കുറഞ്ഞകാലം കൊണ്ട് അസൂയാവഹമായ ഇത്തരം നിരവധി നേട്ടങ്ങള്‍ കേരളത്തിന്റെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ചു. പക്ഷെ പ്രവര്‍ത്തനം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ചിറകുതളരുകയാണ് കണ്ണൂരിന്

അവശേഷിക്കുന്നത് രണ്ട് വിമാനക്കമ്പനികള്‍, യാത്രക്കാര്‍ വീണ്ടും കരിപ്പൂരിലേക്ക്

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഗോ ഫസ്റ്റ് എയര്‍ലൈന്‍സും സര്‍വീസ് അവസാനിപ്പിച്ചതാണ് കിയാലിനുണ്ടായ അവസാനത്തെ തിരിച്ചടി. കണ്ണൂരില്‍ നിന്ന് അബുദാബി, ദുബായ്, ദമാം, മസ്‌കത്ത് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസും മുബൈ ആഭ്യന്തര സര്‍വീസും നടത്തിയിരുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. മാസം 250 ഓളം സര്‍വീസുകള്‍ നടത്തിയിരുന്ന കമ്പനി പറക്കല്‍ നിര്‍ത്തിയതോടെ പ്രതിമാസം 5 കോടി രൂപയുടെ നഷ്ടമാണ് കിയാലിന് ഉണ്ടാവുന്നത്. കണ്ണൂര്‍, വയനാട്, കാസര്‍കോട് കോഴിക്കോട് ജില്ലകളില്‍ നിന്നും കുടക്, മൈസൂര്‍ മേഖലകളില്‍ നിന്നുമുളള യാത്രക്കാര്‍ ആശ്രയിച്ചിരുന്ന കണ്ണൂരില്‍ ഇപ്പോള്‍ പേരിന് രണ്ട് വിമാനക്കമ്പനികള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിനും ഇന്‍ഡിഗോയ്ക്കും മാത്രമാണ് ഇവിടെ നിന്ന് സര്‍വീസുളളത്. ഇതോടെ യാത്രാ നിരക്കും ഇരട്ടിയായി കൂടി.
ദുബായ് സര്‍വീസ് നിരക്ക് 15,000 രൂപയില്‍ നിന്ന് 35,000 രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ന്നത്. സര്‍വീസ് നിരക്ക് വര്‍ധനയില്‍ പ്രതിസന്ധിയിലായ യാത്രക്കാര്‍ വീണ്ടും കരിപ്പൂരിനെയും മംഗലാപുരത്തേയും ആശ്രയിച്ച് തുടങ്ങിയെന്നതും പ്രതിസന്ധിയാണ്. സര്‍വീസും യാത്രക്കാരും കുറഞ്ഞതോടെ മാര്‍ക്കറ്റ് മൂല്യവും ഇടിഞ്ഞു. 2350 കോടി രൂപ ചെലവില്‍ നിര്‍മിച്ച വിമാനത്താവളം യാഥാര്‍ഥ്യമാക്കിയത് 1000 കോടി രൂപയോളം വായ്പയെടുത്താണ്. മൊറോട്ടോറിയം കാലാവധിയും അവസാനിച്ചതോടെ ഉടന്‍ തുക തിരിച്ചടച്ച് തുടങ്ങണം. 1700 കോടിയാണ് തിരിച്ചടക്കാനുള്ളത്. വരവിനേക്കാള്‍ കൂടുതല്‍ ചെലവുളള സാഹചര്യത്തില്‍ വായ്പ തിരിച്ചടവും കിയാലിന് പ്രശ്നമാവും.

 

ചരക്ക് നീക്കം കുറവ്, വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല, വരുമാനം കണ്ടെത്താന്‍ വഴികളില്ലാതെ കിയാല്‍

വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പദവിയാണ് പോയിന്റ് ഓഫ് കോള്‍. കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങള്‍ക്കും പോയന്റ് ഓഫ് കോള്‍ ഉണ്ടെങ്കിലും കണ്ണൂരിന് മാത്രം ഇത് അനുവദിച്ച് നല്‍കിയിട്ടില്ല. ഗ്രാമപ്രദേശത്തെ വിമാനത്താവളത്തിന് എന്ത് പോയന്റ് ഓഫ് കോള്‍ എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം കുറച്ച് കാലം വിദേശ വിമാനങ്ങള്‍ക്ക് കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രവാസികളുമായി കുവൈത്ത് എയര്‍വേയ്സ്, സൗദി എയര്‍, എയര്‍ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്ലൈ ദുബായ്, സലാം എയര്‍, ജസീറ എയര്‍വേയ്സ്, സൗദി എയര്‍വേയ്സ് തുടങ്ങിയവയുടെ ചാര്‍ട്ടേഡ് വിമാനങ്ങളും കണ്ണൂരിലെത്തിയിരുന്നു.

എമിറേറ്റ്‌സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സില്‍ക് എയര്‍ തുടങ്ങി ഒട്ടേറെ വിദേശ കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യവും പ്രകടിപ്പിച്ചു. പക്ഷേ, ഇന്ത്യയുടെ വ്യോമയാന നയം കാരണം പ്രതീക്ഷകള്‍ മങ്ങി. ചരക്കുനീക്കമായിരുന്നു കണ്ണൂരിന്റെ മറ്റൊരു വരുമാന പ്രതീക്ഷ. പക്ഷേ, നിലവില്‍ ഒരു ദിവസം ഏഴ് ടണ്ണോളം മാത്രമാണ് കണ്ണൂര്‍ വഴിയുളള ചരക്ക് നീക്കം. വിമാനത്താവളത്തോടനുബന്ധിച്ച് വികസിപ്പിക്കേണ്ട റോഡുകളുടെ നിര്‍മാണവും ഇക്കാലംവരെ പൂര്‍ത്തിയായിട്ടില്ല. മട്ടന്നൂരില്‍ തന്നെ ബിസിനസ് ക്ലാസ് ഹോട്ടല്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, മറ്റ് വ്യവസായ പദ്ധതികള്‍ തുടങ്ങി വരുമാനം കണ്ടെത്താനുള്ള പലതും തുടങ്ങുമെന്ന് ഉദ്ഘാടന വേളയില്‍ തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇവയൊന്നും യാഥാര്‍ഥ്യമായിട്ടും ഇല്ല.

 

കണ്ണൂരിനും വേണം പരിഗണന, പ്രത്യക്ഷ സമരത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍

ശമ്പള വിതരണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചെലവിനുള്ള പണം പോലും കണ്ടെത്താന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ കടന്നുപോകുന്നത്. എയര്‍പോര്‍ട്ടിന്റെ നിലനില്‍പ്പിന് വിദേശ സര്‍വീസുകള്‍ അനിവാര്യമാണെന്നിരിക്കെ ചെയര്‍മാനായ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്വപ്ന പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസിന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫും ബഹുജന റാലിയും സദസ്സും സംഘടിപ്പിക്കുകയാണ്, വിമാനത്താവളത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ രാഷ്ട്രീയം മറന്ന് നാട് ഒരുമിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ ഉള്ളത്. (കടപ്പാട്: മാതൃഭൂമി)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!