7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൌദിയില്‍ ഇറാന്‍ എംബസി നാളെ തുറക്കുന്നു
റിയാദ്: സൌദി തലസ്ഥാനമായ റിയാദിലെ ഇറാന്‍ എംബസി നാളെ (ചൊവ്വ)ഔദ്യോഗികമായി വീണ്ടും തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ കനാനി അറിയിച്ചു.
ഉഭയകക്ഷി ബന്ധം പുനരാരംഭിക്കുന്നതിന് സൗദി അറേബ്യയും ഇറാനും തമ്മിൽ ഉണ്ടാക്കിയ കരാറുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. സൗദി അറേബ്യയിലെ തങ്ങളുടെ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞനായ അലിറേസ എനായത്തിയെ ഇറാൻ നിയമിച്ചു.
പുതിയ അംബാസഡർ എനായത്തിയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 6:00 മണിക്കാണ് ഇറാൻ എംബസി വീണ്ടും തുറക്കുന്നത്. കരാർ നടപ്പാക്കുന്നതിന്‍റെ ഭാഗമായി റിയാദിലെ ഇറാൻ എംബസി, ജിദ്ദയിലെ കോൺസുലേറ്റ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനിലെ സ്ഥിരം പ്രതിനിധിയുടെ ഓഫീസ് എന്നിവ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഔദ്യോഗികമായി വീണ്ടും തുറക്കുമെന്ന് കനാനി പറഞ്ഞു.
ജൂൺ അവസാനത്തോടെ സൗദിയില്‍ എത്തുന്ന ഇറാനിയൻ ഹജ്ജ് തീർഥാടകരെ സഹായിക്കുന്നതിനായി റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും കനാനി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം സൗദി അറേബ്യയിലെ അംബാസഡറായി അലിറേസ എനായത്തിയെ ടെഹ്‌റാൻ നിയമിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.
കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിലാണ് സൗദി അറേബ്യയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. 2016 ൽ ടെഹ്‌റാനിലെ സൗദി എംബസിക്കും മഷാദിലെ കോൺസുലേറ്റിനും നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടത്.