തന്നെ ലെെംഗികമായി പീഡിപ്പിച്ച കേസ് വ്യാജമെന്ന് കോടതിയിൽ സമ്മതിച്ച് യുവതി, ബലാത്സംഗ കേസിൽ സമൂഹത്തിന് മുന്നില്‍ നാണംകെട്ട യുവാവിന് ഒടുവിൽ മോചനം

മഞ്ചേരിയിൽ വീട്ടിൽ കടന്നു കയറി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ നിന്ന് യുവാവിന് മോചനം.പീഡനക്കേസിൽ വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രതിയായ യുവാവിനെ കോടതി വെറുതെവിട്ടത്. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് (30) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി കുറ്റവിമുക്തനാക്കിയത്. ബലാത്സംഗ കേസിൽ പ്രതിയായി മുദ്രകുത്തപ്പെട്ട് നാട്ടിൽ പരിഹാസ കഥാപാത്രമായി മാറിയ യുവാവിന് ഈ വിധിയിലൂടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

പരാതിക്കാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഒടുവിൽ യുവതിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് യുവാവിനെ കോടതി വെറുതെ വിട്ടത്.

യുവതി 2022ൽ ഭർത്താവുമായി പിണങ്ങിയിരുന്നു. തുടർന്ന് ഭർത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയിൽ യുവതി കേസും ഫയൽ ചെയ്തിരുന്നു. നിലവിലെ കേസിൽ, യുവതി കുടുംബ കോടതിയിൽ നൽകിയ പരാതിയാണ് നിർണായകമായത്. ഈ പരാതിയിൽ ഭർത്താവ് തന്നെ വ്യാജമായി ബലാത്സംഗക്കേസ് കൊടുക്കാൻ നിർബന്ധിച്ചുവെന്ന് പരാമർശിച്ചിരുന്നു. പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. പി സാദിഖലി അരീക്കോട്, അഡ്വ. സാദിഖലി തങ്ങൾ എന്നിവർ ഈ പരാതിയുടെ കോപ്പി കോടതിയിൽ ഹാജരാക്കിയതോടെയാണ് യുവാവിന് മോചനത്തിന് വഴിയൊരുങ്ങിയത്.

അതോടൊപ്പം മറ്റൊരു കേസും പ്രതിയെന്ന് ആരോപിച്ച യുവാവിന് തുണയായി. പരാതിക്കാരിയുടെ വീടിൻ്റെ തേപ്പ് ജോലി ചെയ്തിരുന്നത് അഷ്റഫായിരുന്നു. എന്നാൽ ജോലി ചെയ്തതിന് യുവാവിന് പണം നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് തർക്കങ്ങളുമുണ്ടായിരുന്നു. അഷ്റഫിന് ലഭിക്കാനുള്ള പണം നൽകാത്തതിലുണ്ടായ തർക്കം സംബന്ധിച്ച് മഞ്ചേരി സിജെഎം കോടതിയിൽ കേസും ഫയൽചെയ്തിട്ടുണ്ടായിരുന്നു. കോടതിയിലുള്ള കേസും പ്രതിഭാഗം ഈ കേസിൽ ചൂണ്ടിക്കാട്ടിയതോടെയാണ് പ്രസ്തുത കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്. ഇതോടെ വീട്ടമ്മ പരാതി വ്യാജമാണെന്ന് കോടതിയിൽ സമ്മതിക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് താക്കീത് നൽകി കോടതി യുവാവിനെ കുറ്റവിമുക്തമാക്കുകയും ചെയ്തു.

Share
error: Content is protected !!