സീസണുകളിലെ അമിത ടിക്കറ്റ് നിരക്ക്: പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കും; വിമാനകമ്പനികളുമായി ചർച്ച നടത്താന്‍ സർക്കാർ തീരുമാനം

തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം  ചേർന്നു. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന്  നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പ്രശ്നമാണ് ഉത്സവ, അവധിക്കാല സീസണുകളിലെ വിമാന ടിക്കറ്റ് വര്‍ദ്ധനവ്.

 

ഓൺലെനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സിയാൽ എം.ഡി.  എസ്. സുഹാസ്, കിയാൽ എം.ഡി ദിനേഷ് കുമാർ, നോർക്ക റൂട്ട്സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവർ സംബന്ധിച്ചു.

ഇന്ത്യയിൽ നിന്നുളള വിമാനകമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചർച്ച നടത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി സിയാൽ എം.ഡി യേയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുളള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. വിമാനസർവ്വീസുകൾക്കു പുറമേ കപ്പൽമാർഗ്ഗമുളള യാത്രാസാധ്യതകൾ സംബന്ധിച്ചും യോഗം വിലയിരുത്തി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!