ദുബൈ എക്‌സ്‌പോ 2020 കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: എക്‌സ്‌പോ 2020 ലെ കേരള പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടനം. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കേരള ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി (വ്യവസായം) എ.പി.എം മുഹമ്മദ് ഹനീഷ്, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഫെബ്രുവരി 4 മുതല്‍ 10 വരെ കേരള പവലിയനില്‍ നടക്കുന്ന ‘കേരള വീക്കി’ല്‍ വിവിധ നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കും. രാജ്യത്തിന് പുറത്ത് നിന്നും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്പ്, വൈദഗ്ധ്യം തുടങ്ങിയവയെ കുറിച്ചും കേരള വീക്കിൽ വിശദീകരിക്കും.
വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, ഈസ് ഓഫ് ഡൂയിംഗ്‌സ് ബിസിനസ്, എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ പുതിയ മാറ്റങ്ങളെ കുറിച്ചും വ്യവസായ വകുപ്പ് വിശദീകരിക്കും.
പ്രവാസികളുടെ വിവിധ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളേയും സംബന്ധിച്ച് നോര്‍ക റൂട്ട്സും വിശദീകരിക്കും. യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കുകയും കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ചരിത്രങ്ങൾ വിശദീകരിക്കുകയും ചെയ്യും. ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെ കുറിച്ചും അഡ്വഞ്ചര്‍ ടൂറിസം, കാരവന്‍ ടൂറിസം, എക്കോ ടൂറിസം, തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെ കുറിച്ചും ‘കേരള വീക്കി’ല്‍ വിശദീകരിക്കും. കൂടാതെ വ്യാപാര-ബിസിനസ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും ബിസിനസ് മീറ്റിംഗുകള്‍ക്കും സൗകര്യവുമുണ്ടാകുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയനും നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവും ഫെബ്രുവരി 5ന് രാവിലെ 11ന് ദുബായ് ഒബ്‌റോയ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതാണ്. നോര്‍ക റൂട്ട്‌സിൻ്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ ഒരുക്കുന്ന ‘സ്‌നേഹപൂര്‍വം സാരഥിക്ക്’ എന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി ഫെബ്രുവരി 5ന് വൈകുന്നേരം 6 മണിക്ക് ദുബായ് അല്‍നാസര്‍ ലിഷര്‍ലാന്റിലും പങ്കെടുക്കും. ഫെബ്രുവരി 7ന് വേള്‍ഡ് എക്‌സ്‌പോയിലെ കേരള പവലിയനില്‍ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങളാണ് പ്രധാന ഇനം. ഫെബ്രുവരി 8ന് വൈകുന്നേരം 6 മണിക്ക് ദേര ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ഒഡേപെക് എപ്ലോയേഴ്സ് കണക്റ്റിവിറ്റി സെഷനും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 9ന് വൈകുന്നേരം 6.30ന് കേരള വിനോദ സഞ്ചാര ബോധവത്കരണ സെഷനിൽ കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും സംബന്ധിക്കുന്നതാണ്.