പെഗാസസ് ചാരവൃത്തി: സുപ്രീം കോടതിയിൽ പുതിയ ഹരജി. പ്രധാനമന്ത്രിക്ക് പുതിയ കുരുക്ക്

ഇസ്രായേലി ചാര സോഫ്റ്റ് വെയർ ആയ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹരജി. 2017ലെ ഇന്ത്യ-ഇസ്രയേൽ പ്രതിരോധ കരാറിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകനായ എ.എൽ ശർമ്മയാണ് ഹരജി നൽകിയത്.  പെഗാസസ് സോഫ്റ്റ്വെയർ വാങ്ങാൻ ഇസ്രായേലുമായി കരാറുണ്ടാക്കിയതിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്.

ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2017ൽ നടത്തിയ ഇസ്രായേൽ സന്ദർശനത്തിനൊപ്പം തീരുമാനിച്ച 200 കോടി ഡോളറിന്‍റെ ആയുധ ഇടപാടിൽ ഉൾപ്പെടുത്തി ചാര ഉപകരണമായ പെഗസസ്​ വാങ്ങിയെന്നായിരുന്നു ന്യൂയോർക്ക് ടൈംസിൻ്റെ വെളിപ്പെടുത്തൽ. ഒരു വർഷം നീണ്ട അന്വേഷണത്തിനു​ ശേഷമാണ്​ ന്യൂയോർക്ക്​ ടൈംസ്​ വാർത്ത പ്രസിദ്ധീകരിച്ചത്​. പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസസ്​ ഇടപാടിൽ നേരിട്ട്​ പങ്കാളിയാണെന്ന്​ വിശദീകരിക്കുന്നതാണ്​ റിപ്പോർട്ട്​.

2017 ജൂലൈയിലാണ്​ മോദി ഇസ്രായേൽ സന്ദർശിച്ചത്​. ഫലസ്തീൻ ജനതയോട്​ ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ തന്നെയാണ്​ അന്നാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേലിൽ എത്തിയതെന്ന്​ ന്യൂയോർക്ക്​ ടൈംസ്​ ചൂണ്ടിക്കാട്ടി. മോദിയുടെ സന്ദർശനത്തിനൊപ്പമാണ്​ മിസൈലും പെഗസസും അടക്കമുള്ള ആയുധ ഇടപാടിന്​ തീരുമാനിച്ചത്​. മാസങ്ങൾക്കു​ ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചതും ശ്രദ്ധേയമായിരുന്നു.

ന്യൂയോർക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ട് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ സുപ്രീം കോടതിയിൽ ഈ കാര്യം ഉയർന്ന് വന്ന സന്ദർഭത്തിൽ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ സാധ്യമല്ല എന്നായിരുന്നു സർക്കാർ നിലപാട്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചാൽ ആ സമിതിക്ക് മുന്നിൽ മാത്രം കാര്യങ്ങൾ വെളിപ്പെടുത്താമെന്നായിരുന്നു അന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ചീഫ് ജസ്റ്റിസ് എം.വി രമണ ഒരു സമിതി രൂപീകരിച്ചിരുന്നു. ആ സമതിയുടെ തെളിവെടുപ്പ് നടന്ന് കൊ്ണ്ടിരിക്കുന്നതിനിടെയാണ് ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തൽ.

Share
error: Content is protected !!