ഒമാനിൽ ഇന്ത്യൻ ‘ഗൃഹ-ഭർത്താക്കന്മാരുടെ’ എണ്ണം കൂടുന്നു

മസ്കറ്റ്: ഭാര്യമാര്‍ ജോലിക്കു പോകുമ്പോള്‍ അടുക്കള ജോലിയും വീട്ടുജോലിയുമായി കഴിഞ്ഞു കൂടുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം ഒമാനില്‍ വലിയ തോതില്‍ വര്‍ധിച്ചതായി കണക്ക്. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഭാര്യമാരുടെ വരുമാനത്തെ ആശ്രയിച്ച് വീട്ടില്‍ അടുക്കളയും കുട്ടികളുമായി കഴിയുന്നത്. രണ്ട് വര്‍ഷം മുമ്പ് കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതല്‍ ജോലി നഷ്ടപ്പെട്ട നിരവധി ഇന്ത്യക്കാര്‍ ഈ പട്ടികയില്‍ ഉണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

 

ജോലി നഷ്ടപ്പെട്ടെങ്കിലും ഭാര്യമാരുടെ ജോലിയും, കുട്ടികളുടെ വിദ്യാഭ്യാസവും കാരണം ഒമാനില്‍ തന്നെ തുടരേണ്ട സാഹചര്യമാണ് മലയാളികള്‍ ഉള്‍പ്പെടെ പല തൊഴിലാളികളും നാട്ടിലേക്കു മടങ്ങാതിരിക്കാന്‍ കാരണം. വിസ തുടരാന്‍ സാധിക്കാത്തവര്‍ നാട്ടില്‍ പോയി ഭാര്യയുടെ വിസയില്‍ ഒമാനിലേക്ക് മടങ്ങി വന്നാണ് വീട്ടുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

 

“ജോലിയുടെ സംര്‍ദം ഇല്ല, കുട്ടികളെ നോക്കി, ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന ഭാര്യയെയും കാത്ത് സ്വസ്ഥമായി റൂമില്‍ ഇരിക്കാം. പാചകം ചെയ്യാനും, റൂമും വസ്ത്രങ്ങളും വൃത്തിയാക്കാനുമുള്ള സന്നദ്ധത ഉണ്ടായാല്‍ മതി. ഉറങ്ങാനും, ടി.വി കാണാനും വ്യായാമത്തിനുമെല്ലാം മുമ്പത്തേക്കാള്‍ കൂടുതല്‍ സമയം ലഭിക്കുന്നു”. മലയാളിയായ ഒരു ഗൃഹ ഭര്‍ത്താവ് ഇങ്ങിനെയാണ് പ്രതികരിച്ചത്.

Share
error: Content is protected !!