ഖത്തറിൽ ഒമിക്രോൺ ബാധിതർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കാൻ മൂന്ന് മാസം കാത്തിരിക്കണം.
നിലിവിലെ ഒമിക്‌റോൺ വ്യാപനത്തിനടിൽ ആർക്കെങ്കിലും കോവിഡ് -19 അണുബാധ സ്ഥിരീകരിച്ചതായി പിസിആർ പരിശോധനയിലൂടെയോ റാപ്പിഡ് ആൻ്റിജൻ പരിശോധനയിലൂടെയോ വ്യക്തമായാൽ, അവർക്ക് അണുബാധ സ്ഥിരീകരിച്ച തീയതി മുതൽ മൂന്ന് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് ലഭിക്കുകയുള്ളൂവെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ബൂസ്റ്റർ ഡോസ് ലഭിക്കാൻ യോഗ്യതയുണ്ടെങ്കിലും ഒമിക്‌റോൺ ബാധിച്ച് മുക്തി നേടിയവർ മൂന്ന് മാസം കൂടി കാത്തിരക്കണം.
അനിവാര്യഘട്ടങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിച്ച് ഒരു മാസം പൂർത്തിയാകുമ്പോൾ തന്നെ ബൂസ്റ്റർ ഡോസ് നൽകും. ഒരുമാസമെങ്കിലും പൂർത്തിയായ ശേഷം ബൂസ്റ്റ്ർ ഡോസ് എടുക്കുന്നതാണ് കൂടുതൽ സുരക്ഷിതവും പ്രായോഗികവുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കോവിഡ് ബാധിതർ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് അണുബാധയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാൻ ഒരു മാസത്തെ ഇടവേള ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് മുക്തി നേടിയതായി തെളിയിക്കുന്ന മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള മെഡിക്കൽ സെൻ്ററുകളിൽ നിന്നുള്ള ടെസ്റ്റ് റിസൾട്ടുള്ളവർക്ക് ഒമ്പത് മാസത്തെ ഇമ്മ്യൂണ് പദവി നൽകുന്നതാണ്. ഇവർക്ക് വാക്സിൻ സ്വീകരിച്ചവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
രോഗമുക്തി നേടിയതായുള്ള സ്റ്റാറ്റസ് അവരുടെ ഇഹ്തിറാസ് ആപ്പിൽ ഒമ്പത് മാസകാലം വരെ തെളിയുന്നതാണ്. ഇഹ്തിറാസ് ആപ്പിലെ ഈ സ്റ്റാറ്റസ് ആവശ്യമായ സ്ഥലങ്ങളിൽ കാണിച്ച് കൊണ്ട് നിയന്ത്രണങ്ങളിൽ ഇളവ് നേടാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.