അജ്മാനിൽ നിന്ന് സൗദിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു.

യു.എ.ഇയിലെ അജ്മാനിൽ നിന്ന് സൗദിയിലേക്ക് ബസ് സർവീസ് തുടങ്ങി. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയും സൌദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുമായി സഹകരിച്ചാണ് ബസുകൾ സർവ്വീസ് നത്തുന്നത്. ദിവസവും അജ്മാനിൽ നിന്ന് സൌദിയിലെ റിയാദ്, ദമ്മാം, ജിദ്ദ, മക്ക എന്നീ പ്രധാന നഗരങ്ങളിലേക്ക് ബസ് പുറപ്പെടും. 250 മുതൽ 600 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അൽതല്ല ബസ് സ്റ്റേഷനിൽ നിന്നാണ് സൗദിയിലേക്കുള്ള ബസുകൾ പുറപ്പെടുക. സൌദി വിസയുള്ളവർക്ക് മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ. അജ്മാനിൽ  നിന്ന് സൌദി-യു.എ.ഇ അതിർത്തിയിലേക്ക് ആറ് മണിക്കൂറാണ് യാത്രക്ക് വേണ്ടത്. റിയാദ്, ദമ്മാം എന്നീ നഗരങ്ങളിലേക്ക് 12 മണിക്കൂറും, ജിദ്ദ, മക്ക എന്നീ നഗരങ്ങളിലേക്ക് 24 മണിക്കൂറുമാണ് യാത്ര സമയം.

അജ്മാനിൽ നിന്ന് സൌദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ (SAPTCO) മൂന്ന് ബസുകളാണ് സർവ്വീസ് നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും യാത്ര. ഒരു ബസിൽ പരമാവധി 24 പേരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്രക്കാർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പെടുത്ത പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റീവായിരക്കണമെന്നും വ്യവസ്ഥയുണ്ട്.

ആദ്യദിവസങ്ങളിൽ തന്നെ മികച്ച പ്രതികരണമാണ് സൗദി സർവീസിന് ലഭിച്ചതെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.

Share
error: Content is protected !!