കരിപ്പൂരിൽ റൺവേയുടെ നീളം കുറക്കുന്നു. വലിയ വിമാനങ്ങൾക്ക് തിരിച്ചടിയാകും.
2020ൽ കരിപ്പൂരിൽ ചെറിയ വിമാനം അപകടത്തിൽപെട്ടതിനെ തുടർന്ന് നൽകിയ ചില ശുപാർശകളുടെ ഭാഗമായാണ് എയർപോർട്ട് അതോറിറ്റി റൺവേ നീളം കുറക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. നിലവിലുള്ള റൺവേയിൽ തന്നെ റെസ നിർമിക്കാനാണ് നിർദേശം. അതായത് നിലവിലെ റൺവേയുടെ രണ്ടറ്റങ്ങളിൽ നിന്നും സുരക്ഷാ മേഖല അഥവാ റെസ (RESA- റൺവേ എൻഡ് സേഫ്റ്റി ഏരിയ) ക്കായി കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്തും. ഇതോടെ നിലവിലെ റൺവേയുടെ നീളം കുറയുകയും ചെയ്യും. റൺവേയുടെ നീളം കുറച്ച് സുരക്ഷാ മേഖല വർധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടന്ന് വരുന്നതിനിടെയാണ് അതോറിറ്റിയുടെ നീക്കം.
2020 ലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്നുമുതല്‍ മുതൽ വലിയ വിമാനങ്ങളുടെ സർവീസ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിർത്തിവച്ചിരുന്നു. ഇതിന് പുറമെ റൺവേയുടെ നീളം കൂടി കുറക്കേണ്ടി വന്നാൽ ഇനിയൊരിക്കലും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാറും. നിലവിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് എയർപോർട്ടിന്റെ തകർച്ചയ്ക്ക് വഴി വെക്കുന്ന നടപടിയാണ് ഇതെന്നാണ് പ്രതിഷേധക്കാരുടെ വാദം.
വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് വീണ്ടും മുന്നോട്ട് നീങ്ങിയാൽ പിടിച്ച് നിറുത്തുന്നതിന് വേണ്ടിയാണ് റൺവേ എൻഡ് സേഫ്റ്റി ഏരിയ അഥവാ RESA റൺവേയുടെ രണ്ടറ്റങ്ങളിലും സ്ഥാപിക്കുന്നത്. കരിപ്പൂരിൽ നിലവിൽ റെസ ഉണ്ടെങ്കിലും അത് 250 മീറ്ററാക്കി വർധിപ്പിക്കണമെന്നാണ് നിർദ്ദേശം. അതേ സമയം 2020ൽ ചെറിയ വിമാനം കരിപ്പൂരിൽ അപകടത്തിൽപെട്ടത് റൺവേയുടെ നീളം കുറവോ, വിമാനത്താവളത്തിൻ്റെ പിഴവോ അല്ലെന്നും, പൈലറ്റിൻ്റെ പിഴവ് കൊണ്ടാണ് സംഭവിച്ചതെന്നുമാണ് അന്വോഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.