ജിദ്ദയിലെ പ്രവാസികൾ റിപബ്ലിക് ദിനമാഘോഷിച്ചു

ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്ലിക്ക് ദിനാഘോഷം ജിദ്ദയിലെ പ്രവാസികളും ആഘോഷിച്ചു. കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ കോൺസുൽ ജനറൽ ഇന്ത്യൻ പ്രസിഡണ്ടിന്റെ റിപ്ലബ്ലിക് ദിന സന്ദേശം വായിച്ചു

കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളും, ഇന്ത്യൻ സമൂഹത്തിനായി കോൺസുലേറ്റ് നടപ്പിലാക്കി വരുന്ന പദ്ധഥികളെ കുറിച്ചും  ഇന്ത്യൻ സമൂഹത്തിന് മുന്നിൽ കോൺസുൽ ജനറൽ വിശദീകരിച്ചു. കോവിഡ് കാലത്ത് പ്രവാസികൾക്ക് 65.000 പാസ്പോർട്ടുകൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ വിതരണം ചെയ്തിട്ടുണ്ട്.

മക്ക, തായിഫ്, അല്‍ ബാഹ, അബ്ഹ, നജ്‌റാന്‍ ജിസാന്‍, തബൂക്, യാമ്പു തുടങ്ങിയ നഗരങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങൾ ആരംഭിച്ചു. വൈകാതെ തന്നെ മദീനയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോണ്‍സുലേറ്റ് സേവന കേന്ദ്രം ഉടനെ പ്രവര്‍ത്തിച്ച് തുടങ്ങും.

കോണ്‍സുലേറ്റിന്റെ എല്ലാ സേവനങ്ങളും പ്രവാസി സമൂഹത്തിന് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് കോണ്‍സുല്‍ ജനറല്‍ വിശദീകരിച്ചു. ഇതിനായി ആന്‍ഡ്രോയിഡ്, ഐ ഒ എസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകൾ കോൺസുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്.

ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തവര്‍ക്കുള്ള സട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും കോണ്‍സുല്‍ ജനറല്‍ റിപബ്ലിക് ദിനാശംസകൾ നേര്‍ന്നു. കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ആഘോഷപരിപാടിൾ നടത്തിയത്.

Share
error: Content is protected !!