കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ 500-ഓളം ഇന്ത്യക്കാര്‍ മരിച്ചു
മനാമ: കഴിഞ്ഞ വര്‍ഷം ഏകദേശം 500 ഓളം ഇന്ത്യക്കാരായ പ്രവാസികള്‍ മരിച്ചതായി കണക്കുകള്‍. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.
ന്യൂസ് ഓഫ് ബഹ്‌റൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, മരണപ്പെട്ടവരില്‍ ഭൂരിഭാഗവും കൊവിഡ് ഗുരുതരമായി ബാധിച്ചവരാണ്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയുഷ് ശ്രീവാസ്തവ പറഞ്ഞു. ബഹ്‌റൈനിലെ അധികൃതരുടെ ഭാഗത്ത് നിന്നും നിസ്വാര്‍ഥ പിന്തുണയാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, രാജ്യത്ത് കൊവിഡ് രോഗബാധ ക്രമാതീതമായി ഉയര്‍ന്നതായി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3616 പുതിയ കേസുകളും 2588 രോഗമുക്തിയും ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ബഹ്‌റൈനില്‍ 12 ഗുരുതര കേസുകളാണുള്ളത്. 76 രോഗികള്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്.