സുഭാഷിൻ്റെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു, തുണയായി ഇന്ത്യൻ സോഷ്യൽ ഫോറം

അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിൻ്റെ മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു സംസ്കരിച്ചു.

പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനിൽ ദേവൻ രോഹിണി ദമ്പതികളുടെ മകൻ സുഭാഷ് (41) ആണ് കൊടും തണുപ്പിൽ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് മരണപ്പെട്ടത്. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ സുബാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

അസീർ പ്രവിശ്യയിൽ തണുപ്പുകാലം ആയതിനാൽ രാത്രികാലങ്ങളിൽ റൂമിൽ തീ കത്തിച്ച് തണുപ്പിൽനിന്ന് ആശ്വാസം കണ്ടെത്തിയിരുന്ന ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിൻറ് പാട്ടയിൽ തീ കത്തിച്ച് ഉറങ്ങി പോയി. ഇതിൽ നിന്നും ഉണ്ടായ പുക ശ്വസിച്ചു മരണപ്പെടുകയായിരുന്നു. ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ ഇല്ലാതെ വന്ന സാഹചര്യത്തിൽ നാട്ടിലുള്ള അദ്ദേഹത്തിൻറെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഇദ്ദേഹത്തിൻ്റെ മൃതശരീരം വീട്ടിൽ എത്തിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്ന വിവരം അറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം വിഷയത്തിൽ ഇടപെടുകയും ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് മുനീർ ചക്കുവള്ളിയുടെ പേരിൽ കുടുംബം പവർ ഓഫ് അറ്റോണി നൽകുകയും ചെയ്തു. തുടർന്ന് സൗദിയിലെ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അസീർ ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡൻറ് കോയ ചേലേമ്പ്ര, സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഹനീഫ ചാലിപ്പുറം, ജിദ്ദയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം അംഗങ്ങളായ നൗഷാദ് മമ്പാട്, ഹസൈനാർ മായര മംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ച മൃതദേഹം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത്, ജില്ലാ കമ്മിറ്റി അംഗം ഷാജി പഴകുളം,
മണ്ഡലം സെക്രട്ടറി സമദ് മണ്ണടി, ഷാജു പഴകുളം എന്നിവരുടെ നേതൃത്വത്തിൽ എസ്ഡിപിഐയുടെ ആംബുലൻസിൽ സുഭാഷിൻ്റെ വീട്ടിലെത്തിച്ചു.

സംസ്കാര ചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്നു മൃതദേഹം സംസ്കരിച്ചു.
ഭാര്യ റാണി(36) സൂര്യ പ്രിയ(12), സൂര്യനാരായണൻ(7) എന്നിവർ മക്കളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!