സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തം. കഴിഞ്ഞയാഴ്ച പതിമൂവ്വായിരത്തിലധികം നിയമലംഘകര്‍ പിടിയിലായി

റിയാദ്: കഴിഞ്ഞയാഴ്ച സൗദിയിൽ പത്തിമുവ്വായിരത്തിലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായും ഏഴായിരത്തോളം വിദേശികളെ നാടുകടത്തിയതായും സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ-തൊഴില്‍ നിയമങ്ങളും, ബോര്‍ഡര്‍ സെക്യൂരിറ്റി നിയമങ്ങളും ലംഘിച്ച 13,780 പേരാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സൌദിയില്‍ പിടിയിലായത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസും, പാസ്പോര്‍ട്ട് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 6895 പേര്‍ താമസ നിയമലംഘകരും, 5,123 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘകരും, 1,762 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. അയല്‍രാജ്യങ്ങളില്‍ നിന്നും സൌദിയിലേക്ക് നുഴഞ്ഞു കയറുന്നതിനിടെ 391 പേര്‍ പിടിയിലായി. ഇതില്‍ 30 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും, 8 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. സൌദിയില്‍ നിന്നും അനധികൃതമായി പുറം രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 36 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസം, യാത്ര തുടങ്ങിയ സഹായം ചെയ്തതിന് 26 പേര്‍ ഒരാഴ്ചക്കിടെ പിടിയിലായി. വിദേശികളായ 6728 പേരെ നാടുകടത്തി. 2947 പേരെ നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 84,072 പേരെ നാടുകടത്താനാവശ്യമായ യാത്രാ രേഖകള്‍ ശരിയാക്കാന്‍ ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടതായും സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് സഹായം നല്കിയാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ യാത്രാ സഹായം ചെയ്ത വാഹനവും, താമസ സൌകര്യം നല്കിയ കെട്ടിടവും കണ്ടുകെട്ടുകയും ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!